ഒറ്റപ്പാലം: റോഡുകൾ നവീകരിക്കുന്നതിനായി വീണ്ടും പദ്ധതി രേഖ തയ്യാറാക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. മുമ്പ് സമർപ്പിച്ച പദ്ധതികളിലെ അപാകത പരിഹരിച്ച് വീണ്ടും പദ്ധതി രേഖ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനാണ് തീരുമാനം.
36 വാർഡുകളിലേക്ക് 11.17 ലക്ഷം രൂപ വീതം വകയിരുത്തിയ പദ്ധതിയാണ് ഭേദഗതി ചെയ്ത് വീണ്ടും സമർപ്പിക്കുന്നത്. പുനരുദ്ധരിക്കേണ്ട റോഡുകളുടെ പദ്ധതി ഒരാഴ്ചക്കുള്ളിൽ തയ്യാറാക്കാൻ നഗരസഭാദ്ധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി നിർദ്ദേശിച്ചു. കാര്യമായ പഠനം നടത്താതെ അപാകത നിറഞ്ഞ പദ്ധതികളാണ് ആസൂത്രണ സമിതി അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. ഭേദഗതി ചെയ്യുമ്പോൾ ഓരോ വാർഡിലേക്കും അനുവദിച്ച തുക കുറഞ്ഞുപോകുമോയെന്ന ആശങ്ക കൗൺസിലർമാർ പങ്കുവെച്ചിരുന്നു. പദ്ധതി തുകയിൽ വ്യത്യാസം വരുത്തില്ലെന്നും നഗരസഭാദ്ധ്യക്ഷൻ അറിയിച്ചു.
കൊവിഡ് പ്രതിരോധ സാഹചര്യമായതിനാൽ ബസ് സ്റ്റാന്റ് ഫീസ് പിരിവ് നേരിട്ട് നടത്താനും തീരുമാനമായി. ബസുകളുടെ കുറവുള്ളതിനാലും ആരും കരാർ ഏറ്റെടുക്കാത്ത സാഹചര്യത്തിലുമാണ് നഗരസഭ നേരിട്ട് തന്നെ പിരിവ് നടത്തുന്നത്.