പാലക്കാട്: നഗരത്തിൽ നടക്കുന്ന പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തനങ്ങളോടൊപ്പം കാലവർഷം കൂടി എത്തിയതോടെ കാൽനട- വാഹന യാത്രക്കാർക്ക് റോഡുകളിലൂടെയുള്ള പോക്കുവരവ് സാഹസികമായി.
റോബിൻസൺ റോഡ്, കോളേജ് റോഡ്, ടി.ബി റോഡ് എന്നിവിടങ്ങളിലെ അവസ്ഥ ദയനീയമാണ്. അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പ്‌ലൈനിനായി കീറുന്ന ചാലുകളാണ് യാത്രാക്കാർക്ക് വിനയായത്. ചാലുകളിൽ നിന്നെടുക്കുന്ന മണ്ണ് റോഡിൽ കൂന കൂട്ടുന്നതോടെ പലയിടങ്ങളിലും വീതി കുറഞ്ഞു.
സാമാന്യം ചെറിയ റോഡുകളുടെ അവസ്ഥ പറയാതിരിക്കുകയാണ് നല്ലത്. റോബിൻസൺ റോഡിൽ ഇത്തരം പ്രശ്നങ്ങൾ കാരണം ഗതാഗതക്കുരുക്ക് പതിവാണ്. രണ്ടുവാഹനങ്ങൾ എതിരെ വന്നാൽ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. മഴ പെയ്തതോടെ ചെളിയിൽ കുടുങ്ങുമെന്ന് പേടിച്ച് മൺകൂനയുടെ സമീപത്ത് സൈഡ് കൊടുക്കാനും ഡ്രൈവർമാർ മടിക്കുന്നു.
ശക്തമായ മഴ പെയ്താൽ റോഡുകളെല്ലാം ചെളിക്കുളമാകും. ഇതോടെ കാൽനട അസാദ്ധ്യമാകും. ചെളിയായതിനാൽ സൂക്ഷിച്ച് നടന്നില്ലെങ്കിൽ തെന്നിവീഴാനും സാദ്ധ്യതയേറെ. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും സ്ഥിരമാണ്. ഇതോടെ യാത്രക്കാർക്ക് നടക്കാൻ വഴിയില്ലാതെയായി. കൂടാതെ നവീകരണത്തിന്റെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും അപകട ഭീഷണിയാണ്.
വരുംദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായാൽ ചാലുകൾ നിറഞ്ഞ് ഈ ഭാഗങ്ങളിലെ റോഡുകളെല്ലാം വെള്ളക്കെട്ടിലാകും. മഴ പെയ്തുതുടങ്ങിയിട്ടും ഇത്തരം കാഴ്ച അധികൃതർ കണ്ടില്ലെന്ന് നടക്കുകയാണ്. മഴ ശക്തമാകുന്നതിന് മുമ്പ് റോഡുകൾ വെട്ടിപ്പൊളിച്ച ഭാഗങ്ങൾ മണ്ണിട്ടു മൂടുകയും ചാലുകൾ മൂടി മൺകൂനകൾ ഉടൻ നീക്കം ചെയ്യുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ലോക്ക് ഡൗണിന് മുമ്പ് ആരംഭിച്ച പ്രവർത്തികളിൽ 30 ശതമാനത്തോളം പൂർത്തിയാകാൻ ബാക്കിയുണ്ട്. തൊഴിലാളി ക്ഷാമമാണ് പ്രവർത്തനങ്ങൾക്ക് തടസമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.