പാലക്കാട്: ജോലി ചെയ്യാനാകാതെയും മാനസിക പ്രശ്നങ്ങളും പ്രായാധിക്യവുമടക്കമുള്ള കാരണങ്ങളാൽ ആരോരുമില്ലാതെ നഗരപരിധിയിലെ കടത്തിണ്ണകളിലും നടപ്പാതകളിലും കഴിയുന്നവർക്ക് ഒരു നേരത്തെ പൊതിച്ചോറ് നൽകി മാതൃകയാകുകയാണ് 49കാരനായ ജെ.ജയപ്രകാശ്.
കൽമണ്ഡപം വടക്കുംമുറി സ്വദേശിയായ ജയപ്രകാശ് സ്റ്റേഡിയം സ്റ്റാന്റിന് പരിസരത്ത് 17 വർഷമായി തട്ടുകട നടത്തുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 21ന് കട അടച്ചതോടെ വരുമാനമില്ലാതായി. തുടർന്നുള്ള ജീവിതം എങ്ങനെ കഴിയുമെന്ന് ആലോചിക്കുന്നതിനിടയിലാണ്, ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവരെ കുറിച്ച് ചിന്തിച്ചത്. ഇത്തരം ആളുകൾക്ക് ഒരുകൈ സാഹായം നൽകാൻ ജയപ്രകാശ് തീരുമാനിച്ചു. ഭാര്യ രുഗ്മിണിയും മക്കളായ രശ്മിയും സുസ്മിതയും പിന്തുണയേകി.
അങ്ങനെ മാർച്ച് 25 മുതൽ ആറുപേർക്ക് ഭക്ഷണം നൽകി സേവനമാരംഭിച്ചു. പിന്നീട് ആളുകളുടെ എണ്ണം 12 മുതൽ 25 വരെയെത്തി. ഇതിനിടയിൽ സമൂഹ അടുക്കള സജീവമായതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. എന്നാലും ജയപ്രകാശ് പ്രവർത്തനം നിറുത്തിയില്ല. സ്റ്റേഡിയം- മുനിസിപ്പൽ സ്റ്റാന്റ്, ജില്ലാശുപത്രി, ഹെഡ് പോസ്റ്റോഫീസ് പരസരങ്ങളിൽ അവശരായി പൊതുസ്ഥലത്ത് കഴിയുന്നവർക്കാണ് ഭക്ഷണം നൽകുന്നത്. ദിനംപ്രതി ശരാശരി പത്തുപേർക്ക് പൊതിച്ചോറ് നൽകുന്ന സേവനം നാളെ 100 ദിവസം പിന്നിടുകയാണ്.
ചോറ്, മൂന്നുകറി, സാമ്പാർ എന്നിവ അടങ്ങിയ പൊതി ഭാര്യയും മക്കളും ചേർന്ന് തയ്യാറാക്കും. ഉച്ചയ്ക്ക് കൃത്യം 12.30ന് ബൈക്കിൽ ജയപ്രകാശ് വിതരണത്തിനിറങ്ങും. ഇടയ്ക്ക് മക്കളും സഹായിക്കും. കൈയിൽ സ്വരൂപിച്ച പണം ഉപയോഗിച്ചായിരുന്നു സേവനമാരംഭിച്ചത്. തുക തീർന്നപ്പോൾ, ആഭരണം പണയപ്പെടുത്തിയും മറ്റും പച്ചക്കറിയും അരിയും വാങ്ങി. രണ്ടാഴ്ചയായി തട്ടുകട ആരംഭിച്ചതോടെ നിത്യചെലവിനുള്ള വരുമാനം വീണ്ടും ലഭിച്ചു തുടങ്ങി.