photo
നിർത്തലാക്കിയ കോന്നി അതുമ്പുംകുളം ചെക്ക് പോസ്റ്റ്

കോന്നി : ചെലവു ചുരുക്കലിന്റെ ഭാഗമായി വനം വകുപ്പ് നിറുത്തലാക്കിയ കോന്നി അതുമ്പുംകുളം ഫോറസ്റ്റ് പോസ്റ്റ് വഴി വനം കൊള്ള വ്യാപകം. യാതൊരു പരിശോധനയും ഇല്ലാതായതോടെ സ്വകാര്യ വാഹനങ്ങൾ വഴിയാണ് വനവിഭവങ്ങൾ കടത്തുന്നത്.വനം കൊള്ള തടയാൻപതി​റ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച വനം വകുപ്പിന്റെ അതുമ്പുംകുളം ചെക്ക് പോസ്​റ്റ് മാസങ്ങൾക്ക് മുമ്പാണ് നിറുത്തലാക്കിയത്.വനം വകുപ്പ് വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.സംസ്ഥാനത്ത് വനംവകുപ്പിന്റെ നിയന്ത്റണത്തിലുള്ള ഇതര ചെക്കുപോസ്​റ്റുകൾ നിറുത്തലാക്കുന്ന കൂട്ടത്തിലാണ് അതുമ്പുംകുളത്തെയും ഉൾപ്പെടുത്തിയത്. കോന്നി റേഞ്ചിലെ ഞള്ളൂർ ഫോറസ്​റ്റ് സ്​റ്റേഷൻ പരിധിയിലാണ് ഈ ചെക്കുപോസ്​റ്റ് പ്രവർത്തിച്ചിരുന്നത്.വനം കൊള്ളയും മൃഗവേട്ടയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ഈ ചെക്ക് പോസ്​റ്റ് മൂലം സാധിച്ചിരുന്നു.


ചെലവുചുരുക്കൽ ലക്ഷ്യം, നഷ്ടമാകുന്നത് ലക്ഷങ്ങൾ

അതുമ്പുംകുളം ജംഗ്ഷന് സമീപം വാടക കെട്ടിടവും ദിവസ വേതന അടിസ്ഥാനത്തിൽ വാച്ചറെയും നിയമിച്ചാണ് വനം വകുപ്പിന്റെ ചെക്ക് പോസ്​റ്റ് പ്രവർത്തിക്കുന്നത്.വനമേഖലയായ എലിമുള്ളുംപ്ലാക്കൽ,ആവോലിക്കുഴി,തണ്ണിത്തോട്,മണ്ണീറ,തേക്കുതോട്,ചി​റ്റാർ, സീതത്തോട്,ആങ്ങമൂഴി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രികാലങ്ങളിൽ പോകുന്നതും തിരികെ വരുന്നതുമായ വാഹനങ്ങൾ പരിശോധിക്കുകയും നമ്പർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ ഇത് നിറുത്തലാക്കിയതോടെ രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഇതുവഴി വന വിഭവങ്ങൾ കടത്തുന്നത്.ഇതുമൂലം വനം വകുപ്പ് ലക്ഷങ്ങളുടെ നഷ്ടവും സംഭവിക്കുന്നുണ്ട്.


വീണ്ടും ആശങ്ക

മൃഗവേട്ടയും വനം കൊള്ളയും വ്യാപകമാരുന്ന കാലത്താണ് ചെക്ക് പോസ്​റ്റ് സ്ഥാപിച്ചത്.ഇതു മൂലം ഇവയ്ക്ക് തടയിടാനും ഒരു പരിധിവരെ സാധിച്ചു. വനത്തിലെ തടികൾ രാത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ അതുമ്പുംകുളത്തെ ചെക്ക് പോസ്​റ്റ് സഹായകരമായിരുന്നു.ഇത് ഇല്ലാതായാൽ വീണ്ടും തടി കടത്തലും വനം കൊള്ളയും മൃഗവേട്ടയും വ്യാപകമായിട്ടുണ്ട്.

ചെക്ക് പോസ്റ്റ് നിറുത്തിയതോടെ വനത്തിനുള്ളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായിട്ടുണ്ട്. പ്രവർത്തനാനുമതി തേടി എം.എൽ.എ, കോന്നി ഡി.എഫ്. ഒ തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

(പ്രദേശവാസികൾ)

-ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയില്ല

-രാപ്പകൽ വ്യത്യാസമില്ലാതെ വന വിഭവങ്ങൾ കടത്തുന്നു

-വനത്തിനുള്ളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം