കോഴഞ്ചേരി : ഹരിതം 2020-20 വിഷരഹിത കൃഷിതോട്ടം പദ്ധതിയുടെ ഭാഗമായി സി.പി.ഐ കോഴഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കര നെൽക്കൃഷിയടക്കം ഒരേക്കറോ അതിലധികം സ്ഥലത്തോ കൃഷിതോട്ടം ആരംഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് തുടക്കം കുറിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡ് മേലുകരയിൽ വിഷരഹിത കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ നിർവഹിച്ചു.ലോക്കൽ സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ജിജി ജോർജ്ജ്,അഡ്വ.ശരത് ചന്ദ്രകുമാർ,വത്സമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.കൃഷി ഓഫീസർ കവിത പദ്ധതി വിശദീകരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം അമ്പിളി പ്രസാദിന്റെ വീടിനോട് ചേർന്നുള്ള സ്ഥലമാണ് കഴിഞ്ഞ രണ്ട് ദിവസം ജെ.സി.ബി ഉപയോഗിച്ച് കൃഷിയുക്തമാക്കിയത്.സി.പി.ഐ മേലുകര വനിത ബ്രാഞ്ചിലെ അംഗങ്ങൾ കൃഷിക്ക് മേൽനോട്ടം വഹിക്കും.പഞ്ചായത്തിലെ മറ്റ് വാർഡുകളിലും തരിശുഭൂമിയടക്കമുള്ള സ്ഥലങ്ങൾ കൃഷിയുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് അറിയിച്ചു.