പത്തനംതിട്ട : മാർച്ച് ആദ്യവാരം മുതൽ പാരലൽ കോളജുകളും ട്യൂഷൻ സെന്ററുകളും ലോക്ക് ഡൗണിലാണ്. കുട്ടികളുടെ ട്യൂഷൻഫീസ് മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഇതോടെ ദുരിതത്തിലായി.അക്കാദമിക വർഷത്തിന്റെ അവസാനമായതിനാൽ കുടിശിഖ ഫീസ് ഉൾപ്പെടെ ലഭിക്കാനുണ്ടായിരുന്ന തുക ഇല്ലാതായി.കൂലിപ്പണിക്കാരുടേയും ദിവസ വരുമാനക്കാരുടേയും മക്കളാണ് പാരലൽ കോളേജിലെ പഠിതാക്കളിൽ ഏറിയ പങ്കും .ലോക്ക് ഡൗൺ ഇത്തരം കുടുംബങ്ങളുടെ വരുമാനവും ഇല്ലാതാക്കിയതോടെ കിട്ടാനുള്ള ഫീസ് നിർബന്ധിച്ച് വാങ്ങാനും കഴിയില്ല.പാരലൽ കോളേജുകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും ഏറെ ആശ്വാസകരമായിരുന്ന വെക്കേഷൻ ട്യൂഷനും നിലച്ചു.സമാന്തരമേഖലയിലെ മിക്ക സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചില കെട്ടിട ഉടമസ്ഥർ ഒരു മാസത്തെ വാടകയിളവ് അനുവദിക്കുന്നുണ്ട്. എന്നാൽ മിക്കവരും വാടക ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ നിവൃത്തിയില്ല. ഇതു കൂടാതെ ഇലക്ട്രിസിറ്റി,വെള്ളം,ഫോൺ മുതലായവയുടെ ബില്ലുകൾ കുടിശിഖയാണ്.

അദ്ധ്യാപരും ജീവനക്കാർക്കും ശമ്പളമില്ല

വരുമാനമില്ലാത്തതിനാൽ അദ്ധ്യാപകരുൾപ്പെടുന്ന ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല.
അസംഘടിതമേഖലയിലുള്ളവർക്ക് 1000 രൂപ ദുരിതാശ്വാസമായി നൽകുമെന്ന് സർക്കാർ പറയുന്നു. എന്നാൽ പാരലൽ / ട്യൂഷൻ മേഖലയെ ഈ വിഭാഗത്തിലും ഉൾപ്പെടുത്തിയതായി അറിയിപ്പൊന്നും ഇതുവരെ ഇല്ല.ഈ ആനുകൂല്യം വാങ്ങിയ ഒരു ജീവനക്കാരും സമാന്തര വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ ഇല്ല.സംസ്ഥാനത്ത് നിലവിൽ 720 പാരലൽ കോളജുകളിലായി അഞ്ച് ലക്ഷം വിദ്യാർത്ഥികൾ സമാന്തര മേഖലയിൽ പഠിക്കുന്നു.പാരലൽ കോളജ് അദ്ധ്യാപകരിൽ നല്ലൊരു ഭാഗം പേരും ഈ മേഖലയെ ഒരു ഇടത്താവളമായി കാണുന്നവരാണ് .എന്നാൽ 25000 ത്തോളം വരുന്നജീവനക്കാർ പാരലൽ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.കൂടാതെ ട്യൂഷൻ/ ട്യൂട്ടോറിയൽ രംഗത്ത് പഠിപ്പിക്കുന്നവർ 30000 ത്തോളം വരും.

-സംസ്ഥാനത്ത് 720 പാരലൽ കോളജുകൾ

-5 ലക്ഷം വിദ്യാർത്ഥികൾ

-25000 ജീവനക്കാർ

ട്യൂഷൻ/ ട്യൂട്ടോറിയൽ രംഗത്ത് 30000 പേർ