റാന്നി: തുടർച്ചയായ മൂന്നാം മാസവും ശബരിമല ഉൾ വനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് സഹായമൊരുക്കി കാഴ്ച നേത്രദാന സേന.കുട്ടികൾക്കും , മുതിർന്നവർക്കും ഉൾപ്പെടെ മുഴുവൻ പേർക്കും പുത്തൻ വസ്ത്രങ്ങളുമായാണ് പി.എസ്.സി അംഗവും കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറിയുമായ റോഷൻ റോയി മാത്യുവിന്റ നേതൃത്വത്തിൽ ഇവരുടെ കൂരകളിലെത്തി നൽകിയത്. ളാഹ,രാജമ്പാറ,കല്ലുന്തോട്,പ്ളാപ്പള്ളി, മഞ്ഞത്തോട്,മുട്ടു പുളിത്തോട്,നിലയ്ക്കൽ,ചാലക്കയം,പമ്പ എന്നിവിടങ്ങളിൽ താമസിക്കുന്ന 41കുടുംബങ്ങളിലെ ആളുകൾക്കാണ് സഹായ മെത്തിച്ചത്.കൊവിഡ് കാലത്ത് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന ഇവർക്ക് കാഴ്ച നേത്രദാന സേന കൈത്താങ്ങായ് മാറുകയായിരുന്നു. ആവശ്യമായ ഭക്ഷ്യ വസ്തുക്കളും,നിത്യോപയോഗ സാധനങ്ങളും കഴിഞ്ഞ മൂന്നു മാസമായി എത്തിച്ചു നൽകുന്നുണ്ട്.ഇവിടങ്ങളിൽ അധിവസിക്കുന്ന മുഴുവൻ പേർക്കും,നല്ല ഭക്ഷണം,നല്ല വസ്ത്രം,നല്ല വിദ്യാഭ്യാസം,നല്ല ആരോഗ്യം,മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കി സമൂഹത്തിന്റ മുഖ്യധാരയിൽ എത്തിക്കുന്ന തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാഴ്ച നേത്രദാന സേന പ്രവർത്തകർ പുത്തൻ വസ്ത്രങ്ങളുമായി എത്തിയത്.കാഴ്ച നേത്രദാന സേന ക്യാമ്പ് കോർഡിനേറ്റർമാരായ അനു ടി.ശാമുവേൽ,ഷിജു എം.സാംസൺ,അട്ടത്തോട് വാർഡിലെ അംഗൻവാടി ടീച്ചർ പി.കെ.കുഞ്ഞു മോൾ,രജിത്ത് രാജ് എന്നിവർ നേതൃത്വം നൽകി.