1
പള്ളിക്കലിൽ വൃത്തിയാക്കിയ ചെറുതോട്

പള്ളിക്കൽ : തൊഴിലുറപ്പു പദ്ധതിയിൽ വ്യത്യസ്ഥമായ പദ്ധതികൾഏറ്റെടുത്ത് നടപ്പാക്കിയതിലൂടെ ശ്രദ്ധനേടിയ പള്ളിക്കൽ പഞ്ചായത്ത് ഇക്കുറി നീർചാലുകളുടെ നവീകരണമേറ്റെടുത്താണ് ശ്രദ്ധേയമാകുന്നത്. പള്ളിക്കലാറിന്റെ കൈവഴികളായ ചെറുതുംവലുതുമായ 40 നീർചാലുകളുടെ നവീകരണമാണ് ലോക്ക് ഡൗണിന് ശേഷം നടന്ന ജോലികളിലൂടെ പൂർത്തിയാകുന്നത്.ഒഴുക്കുനിലച്ച് മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടന്ന നീർചാലുകൾ ഇപ്പോൾ തെളിഞ്ഞൊഴുകാൻ തുടങ്ങി. 23 വാർഡുകളിലായി 60കിലോമീറ്റർ ദൂരമാണ് ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളത്.അയ്യായിരത്തിലധികം ആളുകൾ നവീകരണപ്രക്രിയയിൽ പങ്കെടുത്തു.വർഷങ്ങളായി നശിച്ചുകിടന്ന നീർചാലുകളാണ് നവീകരിക്കപെട്ടത്.പള്ളിക്കൽ പഞ്ചായത്തിൽ 150തിൽ അധികം ചെറുതോടുകളുണ്ടായിരുന്നു.ഏലകൾക്കുകുറുകെ കോൺക്രീറ്റ് റോഡുകൾ വന്നപ്പോൾ നിലങ്ങൾ നികത്തപ്പെട്ടു. കാർഷികാവിശ്യങ്ങൾക്കുവെള്ളമൊഴുകിയിരുന്ന തോടുകളും നികത്തപെടുകയും പിന്നീട് കൈയേറുകയും ചെയ്തതോടെയാണ് അപ്രത്യക്ഷമായത്.

ഒന്നാം സ്ഥാനം തുടർച്ചയായി പള്ളിക്കലിന്

മുൻവർഷങ്ങളിൽ മാലിന്യം നിറഞ്ഞ് കിടന്നിരുന്ന കുളങ്ങൾ ആഴംകൂട്ടി വീണ്ടെടുക്കുകയും പുതിയ നൂറിലധികം കുളങ്ങൾ നിർമ്മിക്കുന്നതിലും, കിണർ നിർമ്മിക്കുന്നതിലും,റോഡ് കോൺക്രീറ്റ് നടത്തുന്നതിലും,അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിലും കരുത്ത് കാട്ടിയ പള്ളിക്കലിലെ തൊഴിലുറപ്പുകാർ ജില്ലയിലാദ്യമായി പെരിങ്ങനാട് സ്കൂളിന് ബാഡ്മിന്റൺകോർട്ട് നിർമ്മിച്ചുനൽകിയതിലൂടെ സംസ്ഥാന ശ്രദ്ധനേടിയിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ നൂറുദിന തൊഴിൽനൽകുന്നതും ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിലും ഒന്നാം സ്ഥാനം തുടർച്ചയായി പള്ളിക്കലിനാണ്.കനാലുകളുടെ തിട്ടകളിലും മൺകൈയാലകളിലും കയർ ഭൂവസ്ത്രം വിരിച്ച് മണ്ണിടിച്ചിൽ തടയുന്നതിലും പള്ളിക്കൽ ജില്ലയിൽ ഒന്നാമതെത്തി.

--------------------------------------------

കുടിവെള്ളക്ഷാമം ഏറ്റവും കൂടുതൽ രൂക്ഷമാകുന്ന പഞ്ചായത്താണ് പള്ളിക്കൽ .അതുകൊണ്ട് തന്നെ ജലസംരക്ഷണപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് എന്നും മുൻതൂക്കം നൽകിയിട്ടുണ്ട്.ശേഷിക്കുന്ന കൈതോടുകൾ കൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി ശുചീകരിക്കും.

ജി.പ്രസന്നകുമാരി

(പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്)

------------------------------------------------

-23 വാർഡുകളിലായി 60 കിലോമീറ്റർ ദൂരം

-150 ചെറു തോടുകൾ

40 നീർചാലുകളുടെ നവീകരണം പൂർത്തിയായി