അടൂർ : ചക്കയായിരുന്നു പലർക്കും കൊവിഡ് കാലത്തെ ഇഷ്ട ഭക്ഷണം. വേവിച്ചതും വറുത്തതും പഴുപ്പിച്ചതുമായ രൂപങ്ങളിൽ ചക്ക വിശപ്പ് അകറ്റി. ചക്കയുടെ വിവിധ വൈവിദ്ധ്യങ്ങൾ മലയാളിയുടെ തീൻമേശയിൽ അണിനിരന്നതോടെ ചക്കയ്ക്ക് നല്ലകാലം തെളിഞ്ഞു. ഒരുകാലത്ത് മലയാളിയുടെ പട്ടിണി അകറ്റിയതിൽ നിർണ്ണായക സ്ഥാനം ചക്കയ്ക്കും കപ്പയ്ക്കുമായിരുന്നു. എന്നാൽ നമ്മുടെ ഭക്ഷണശീലത്തിൽ മാറ്റങ്ങൾ ഉണ്ടായതോടെ ചക്കയുടെ സ്ഥാനം അടുക്കളയിൽ നിന്ന് ഒഴിഞ്ഞു. ഭക്ഷണയോഗ്യമാക്കുന്നതിലെ മടിയും മരത്തിൽ നിന്ന് ഇടുന്നതിലെ ബുദ്ധിമുട്ടും ചക്കയെ കൂടുതൽ അകറ്റി. ഇത്തവണ അയൽ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയയ്ക്കാൻ വഴിയടഞ്ഞതോടെ വ്യാപാരികളും ചക്കതേടിയിറങ്ങിയില്ല. അയൽവാസികളും ബന്ധുക്കളുമൊക്കെ ചേർന്ന് ചക്കയെമെരുക്കി വിവിധ വിഭവങ്ങൾ തയ്യാറാക്കി കഴിച്ചതോടെ ലോക്ക് ഡൗൺ കാലം കുശാലായി.

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചക്ക പ്രധാനമായിള്ളത്. പനസം എന്നൊരു പേരും ചക്കയ്ക്കുണ്ട്. വരിക്ക, തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ വിവിധ തരത്തിലുള്ള ചക്കകൾ ലഭ്യമാണ്

വഴിയോരങ്ങളിൽ ചക്ക പഴുത്ത് പാഴായി കിടക്കുന്നതും ലോഡ് കണക്കിന് ചക്ക തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുന്നതും ഇത്തവണ കാണാനായില്ല

പോഷക സമൃദ്ധം

പോഷകങ്ങളുടെ കാര്യത്തിലും ചക്ക വളരെ മുൻപിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പച്ചച്ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് വൻകുടലിലെ കാൻസർ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. പച്ചച്ചക്കയിൽ ഊർജത്തിന്റെ അളവ് വളരെ കുറവായതിനാൽ ഇൻസുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതാണ് പ്രമേഹരോഗികൾക്ക് ചക്കപ്പുഴുക്ക് ഉത്തമം എന്നു പറയുന്നത്. ചക്കക്കുരുവിലും ധാരാളം പ്രോട്ടീനും സൂഷ്മപോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചക്കപ്പഴം ഊർജത്തിന്റെ വലിയ സ്രോതസാണ്.