ഓൺലൈൻ അദ്ധ്യയനം ആസ്വദിച്ച് വിദ്യാർത്ഥികൾ
തിരുവല്ല: ക്ലാസ് മുറിയിലെ ബഹളങ്ങളൊന്നും ഇല്ലാതെ ചരിത്രത്തിലാദ്യമായി സർക്കാർ ആരംഭിച്ച ഓൺലൈൻ അദ്ധ്യയനം ഫസ്റ്റ് ബെൽ നവ്യാനുഭവമായി. ടെലിവിഷനിലും കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും ഫോണിലുമൊക്കെ കൈറ്റ് വിക്ടേഴ്സ് ചാനൽ ക്ളാസുകൾ കണ്ടറിഞ്ഞ കുട്ടികൾക്ക് തുടക്കം കൗതുകം നിറഞ്ഞതായിരുന്നു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇന്നലെ ഓൺലൈൻ അദ്ധ്യയനം ഉണ്ടായിരുന്നു. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വിവിധ ക്ളാസുകൾ നടത്തി. എങ്കിലും പലവിധ പ്രശ്നങ്ങൾ കാരണം ഒട്ടേറെ കുട്ടികൾക്ക് ക്ളാസുകൾ കാണാൻ കഴിഞ്ഞിട്ടില്ല. ക്ലാസ് കാണാൻ കഴിയാത്തവർ ആശങ്കപ്പെടേണ്ടതില്ല. ഇതൊരു ട്രയൽറൺ മാത്രമായിരുന്നു. ഒന്ന് മുതൽ 9 വരെ ക്ലാസുകളിലെ പുനഃസംപ്രേക്ഷണം ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടാകും. ഇതുകൂടാതെ യു ട്യൂബിലും വിക്ടേഴ്‌സ് ചാനലിന്റെ സൈറ്റിലുമൊക്കെ വീണ്ടും ക്ളാസുകൾ കാണാൻ സൗകര്യമുണ്ട്.
മിട്ടു പൂച്ചേ...., തങ്കുപൂച്ചേ.....
(കാർട്ടൂൺപോലെ രസിച്ച് കുഞ്ഞുക്ളാസുകൾ)
അവതരണരീതിയിലെ വൈവിദ്ധ്യവും കുട്ടികളുടെ നിലവാരവും മനസ്സിലാക്കി ചിത്രീകരിച്ച ഒന്നും രണ്ടും ക്ലാസുകളിലെ പാഠഭാഗങ്ങൾ മികവുറ്റതായിരുന്നു. ബൊമ്മ പാവയുടെ അവതരണത്തോടെയായിരുന്നു ഈ ക്ലാസുകളുടെ തുടക്കം. മുന്നിലിരിക്കുന്ന കുട്ടികളോട് കഥപറയുന്ന രീതിയിൽ ചോദ്യവും ഉത്തരവുമൊക്കെ പറയുന്ന യുവഅദ്ധ്യാപികയുടെ അവതരണം കൂടുതൽ മികവുറ്റതാക്കി. ഒന്നാംക്ളാസുകാരുടെ കഥയിലെ മിട്ടു പൂച്ചേ...., തങ്കുപൂച്ചേ..... എന്നവിളി മുതിർന്നവരും ഏറ്റെടുത്തു. കടലാസു തോണിയിലും ആനപ്പുറത്തുമൊക്കെ കുട്ടികളെ കയറ്റികൊണ്ടുപോകുന്ന ആനിമേഷൻ ചിത്രങ്ങളും ക്ളാസ്സിനെ ആസ്വാദ്യകരമാക്കി. പാട്ടും സംഗീതവും സംഭാഷണവുമൊക്കെയായി അദ്ധ്യാപിക ക്ലാസിനെ കൂടുതൽ രസകരമാക്കിയതോടെ അടുത്ത ക്ലാസിനായി കാത്തിരിക്കുകയാണ് കുട്ടികൾ.
ബോറടിപ്പിച്ച് ജോഗ്രഫിയും ഭാഷാ ക്ലാസുകളും
പ്ലസ് ടുവിന്റെ ജ്യോഗ്രഫി ക്ലാസ് ബോറാക്കിയെന്ന് കുട്ടികൾ പറഞ്ഞു. പാഠ്യഭാഗത്തെ കൂടുതൽ ഉള്ളടക്കം അരമണിക്കൂറിൽ പഠിപ്പിച്ചു തീർക്കാനായിരുന്നു ശ്രമം. പഠനത്തെ ആസ്വാദ്യമാക്കുന്ന ദൃശ്യങ്ങളൊന്നുമില്ലാതെ ലക്ച്ചർ രീതിയായിരുന്നു ക്ലാസ്. കോളേജ് തലത്തിലെപോലെ ക്ലാസിനു നിലവാരം കൂടിയെന്നും വിമർശനമുണ്ട്. മലയാളം അല്പംപോലും പറയാതിരുന്നതും കുട്ടികളെ വിഷമിപ്പിച്ചു. എന്നാൽ രണ്ടുപേർ ചേർന്ന് അവതരിപ്പിച്ച ഇംഗ്ലീഷ് ക്ലാസ് മികവ് പുലർത്തി. മൂന്നിലേയും നാലിലെയും മലയാളം ക്ളാസുകളും വിരസമാക്കിയെന്നു അഭിപ്രായമുണ്ട്. മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ടില്ലെന്നും വിമർശനമുണ്ട്.
ആദ്യദിനം പഠിപ്പുമുടക്ക്
നെടുമ്പ്രം പഞ്ചായത്തിലെ ചിലപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയത് കാരണം ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ടു. ചില ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് കവറേജ് ഇല്ലാതിരുന്നതും കുട്ടികളെ വലച്ചു. ഓമല്ലൂർ തണൽ ശിശുക്ഷേമ സമിതിയിൽ വിക്ടേഴ്‌സ് ചാനൽ ലഭിക്കാതിരുന്നതിനാൽ കുറേനേരം പഠനം തടസപ്പെട്ടു.
ആദ്യദിവസങ്ങളിൽ ക്ളാസുകൾ ആരൊക്കെ കണ്ടു കണ്ടില്ല എന്നത് വിഷയമല്ലെന്നും ഓൺലൈൻ ക്ളാസുകൾ ലഭ്യമാകാത്ത കുട്ടികളെ കണ്ടെത്തി ബദൽ മാർഗ്ഗങ്ങളിലൂടെ പഠിപ്പിക്കും. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
രാജേഷ് എസ്.വള്ളിക്കോട്
ജില്ലാ കോർഡിനേറ്റർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം