പത്തനംതിട്ട: വനത്തിൽ കഴിയുന്ന ആദിവാസിക്കുട്ടികൾ സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസത്തിലെ 'ഫസ്റ്റ്ബെൽ' കേട്ടില്ല. മൊബൈലും ലാപ് ടോപ്പും ഇന്റർനെറ്റും എന്തെന്നറിയാത്ത കുട്ടികൾക്ക് ഇന്നലെ ഓൺലൈൻ ക്ളാസ് ലഭിച്ചില്ല. വനമേഖലയിൽ താമസിക്കുന്ന കുട്ടികൾക്ക് എങ്ങനെ ഒാൺലൈൻ ക്ളാസ് നൽകണമെന്ന് പൊതുനിർദേശം ലഭിച്ചിട്ടില്ലെന്നാണ് ട്രൈബൽ സ്കൂൾ അദ്ധ്യാപകർ പറയുന്നത്. പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി താലൂക്കുകളിൽ മാത്രം മുന്നൂറിലേറെ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങി.
കൊടുംവനത്തിനുള്ളിൽ പ്ളാസ്റ്റിക് ഷീറ്റുകൾക്കുള്ളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതിയില്ല. ട്രൈബൽ വകുപ്പ് നടത്തിയ കണക്കെടുപ്പിൽ സ്മാർട്ട് ഫോണും ടി.വിയുമില്ലാത്തവരാണ് ഏറെയും. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇവരെ കണ്ടെത്തുന്നത് എസ്.സി. എസ്.ടി പ്രൊമോട്ടർമാർക്ക് ശ്രമകരമായ ജോലിയാണ്. കുന്തിരക്കവും തേനും ഇറ്റയും മറ്റും ശേഖരിക്കാൻ ഉൾവനത്തിലേക്ക് കയറുന്നവർ വൈകുന്നേരങ്ങളിലാണ് തിരിച്ചെത്തുന്നത്.
228 കുടുംബങ്ങളിലായി 726 പേരാണ് ജില്ലയിലുള്ളത്. ഇവരിൽ 97 കുടുംബങ്ങൾ റാന്നി പെരുനാട്, സീതത്തോട്, നാറാണംമൂഴി, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലായിലുള്ളത്.
------------------
@ വീഡിയോ കാണിക്കും
ഒാൺലൈൻ ക്ളാസ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത വീഡിയോ ഉൾവനങ്ങളിലുള്ള ആദിവാസി കുട്ടികളെ കാണിക്കാൻ പെരുനാട് പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. റോഡ് വശങ്ങളിലുള്ള കുടിലുകളിലെ കുട്ടികളെ ഇന്റർനെറ്റ് റേഞ്ച് ലഭ്യമാകുന്ന സ്ഥലങ്ങളിലെത്തിച്ച് ലാപ് ടോപ്പിലൂടെയും വീഡിയോ കാണിക്കും.