പന്തളം: വാഹനത്തെ ഒാവർടേക്ക് ചെയ്തതിൽ പ്രകോപിതരായ യുവാക്കൾ ക്രൈബ്രാംഞ്ച് ഇൻസ്പെക്ടറെ മർദ്ദിച്ചു. തിരുവല്ല ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ കീരുകുഴി കിഴക്കേ മഠത്തിൽ നന്ദകുമാറി(46) നാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നരിയാപുരം നെടിയാമണ്ണിൽ ബ്ലസൻ രാജൻ (33)നെ അറസ്റ്റുചെയ്തു. ഒപ്പമുണ്ടായിരുന്ന.പത്തനംതിട്ട കളക്ട്രേറ്റിലെ ഐ.റ്റി സെൽ മേധാവി നരിയാപുരം പെരുവിനാ പറമ്പിൽ ജിജി ജോർജ് ഒളിവിലാണ്..

ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെ തുമ്പമൺ- അടൂർ റോഡിൽ സെന്റ് ജോൺസ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. അച്ഛന് മരുന്നുവാങ്ങി തുമ്പമണ്ണിലെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു നന്ദകുമാർ. സ്‌കൂട്ടറിലും ബൈക്കിലുമായി കാറിന് മുന്നിലായിരുന്നു ജിജിയും ബ്ളസനും. പലപ്രാവശ്യം ഹോൺ മുഴക്കി മുന്നിൽ കയറാൻ നന്ദകുമാർ ശ്രമിച്ചെങ്കിലും ഇവർ മാറിയില്ല. ഇതിനിടെ മുന്നിൽ കയറിയ നന്ദകുമാറിനെ ഇരുവരും പിന്തുടർന്ന് കാർ തടഞ്ഞു. സി.ഐ ആണെന്ന് അറിഞ്ഞിട്ടും മദ്യലഹരിയിലായിരുന്ന ഇരുവരും ചേർന്ന് തന്നെ മർദ്ദിക്കുകയായിരുന്നെന്ന് നന്ദകുമാർ പറഞ്ഞു. നന്ദകുമാർ പന്തളം സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടു. പിന്നീട് ബ്ലസനെ അറസ്റ്റുചെയ്തു. നന്ദകുമാർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി