പത്തനംതിട്ട : ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ്‌ബെൽ ക്ലാസുകൾ ഒരുക്കി. ഒന്നാം ക്ലാസിൽ ഒരു കുട്ടിയും രണ്ടാം ക്ലാസിൽ രണ്ട് കുട്ടികളുമാണ് തണലിൽ ഉള്ളത്.
തണലിൽ വിദ്യാർത്ഥികൾക്കുള്ള കൈറ്റ് വിക്ടേഴ്സ് ചാനൽ ലഭ്യമല്ല എന്ന വിവരം അദ്ധ്യാപകനായ പ്രശാന്ത് കുമാർ അധികാരികളെ അറിയിച്ചിരുന്നു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോട് ലാപ്‌ടോപ്പ് സൗകര്യം ഒരുക്കുകയും കുട്ടികൾക്കൊപ്പം ക്ലാസ് കേൾക്കുകയും തുടർ പ്രവർത്തന നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഒന്നാം ക്ലാസിന് രാവിലെ 10.30 മുതൽ 11 വരെയും രണ്ടാം ക്ലാസിന് 12.30 മുതൽ ഒന്നു വരെയുമായിരുന്നു പഠനം. കുട്ടികൾ എല്ലാവരും താൽപര്യത്തോടെ ക്ലാസിൽ പങ്കെടുത്തു. ഓൺലൈൻ ക്ലാസിലെ നിർദേശങ്ങൾക്ക് അനുസൃതമായി നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും ചിത്രം വരയ്ക്കുന്നതിലും കുട്ടികൾ ആവേശപൂർവം പങ്കാളികളായി. വീണാ ജോർജ് എം.എൽ.എ തണലിലെത്തി കുട്ടികൾക്ക് ഇന്നു മുതൽ ടെലിവിഷനിൽ ക്ലാസ് കാണുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നിർദേശം നൽകി.