പത്തനംതിട്ട : ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം അമ്പത് കടന്നു. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും ആളുകളെത്തി തുടങ്ങിയതോടെ പോസിറ്റീവ് കേസുകൾ വർദ്ധിക്കുകയാണ്. ജില്ലയിൽ കൊവിഡ് രോഗികളിൽ കൂടുതലും പുരുഷൻമാരാണ്. വിദേശത്ത് നിന്ന് എത്തിയവർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർക്കുമാണ് ഇപ്പോൾ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരു മരണവും കഴിഞ്ഞ ദിവസം ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
മാർച്ച് 7ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇതുവരെ 53 കേസുകളാണ് കൊവിഡ് പോസിറ്റീവായത്. ഇതിൽ 21പേർ രോഗ മുക്തി നേടി. ഇപ്പോൾ 32പേർ ചികിത്സയിലുണ്ട്. ആറ് ഗർഭിണികളും ഇക്കൂട്ടത്തിലുണ്ട്. അതിൽ ഒരാൾ പ്രസവിച്ചെങ്കിലും കുഞ്ഞിന് രോഗമില്ല. 30 പുരുഷൻമാരും 23 സ്ത്രീകളുമാണ് ഇതുവരെ രോഗ ബാധിതരായത്. റിപ്പോർട്ട് ചെയ്തവരിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളവരിൽ കൂടുതലും പതിനെട്ടിനും അമ്പത് വയസിനും ഇടയിൽ പ്രായമുള്ളവരാണ്. പതിമ്മൂന്ന് വയസുള്ള രണ്ട് കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.സമ്പർക്കത്തിലൂടെ രോഗബാധിതരായവർ കുറവാണ്. നെഗറ്റീവ് റിപ്പോർട്ട് ചെയ്ത ഒരാൾക്ക് കഴിഞ്ഞ ദിവസം വീണ്ടും പോസിറ്റീവായത് ആശങ്കയുണ്ടാക്കിയിരുന്നു. ജില്ലയിൽ ഇതുവരെ സമൂഹ വ്യാപന സാദ്ധ്യതയുണ്ടായിട്ടില്ല. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ നേരിട്ട് ക്വാറന്റൈൻ ചെയ്യുകയാണ് നിലവിൽ. ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടെങ്കിലും മറ്റ് ജില്ലകളിൽ കൊവിഡ് കേസുകൾ നൂറ് കടന്നതിനാൽ അതീവ ജാഗ്രതയിൽ തന്നെയാണ് ജില്ല.
കൊവിഡ് പോസിറ്റീവ് : 53
പുരുഷൻ : 30
സ്ത്രീ : 23
വിവിധ പ്രായത്തിൽ ഉള്ളവരും രോഗികളുടെ എണ്ണവും
5 -18 : 2
18 - 35 : 23
35 - 60: 19
60 കഴിഞ്ഞവർ : 9
ഇപ്പോൾ ചികിത്സയിൽ : 31
പോസീറ്റിവ് കേസുകളിൽ ആറ് ഗർഭിണികളും