തിരുവല്ല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇരവിപേരൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴവിത്തുകളുടെ വിതരണം ആരംഭിച്ചു.ഒരു വാർഡിൽ 3000 വീതം 51,000 ഞാലിപൂവൻ വാഴ വിത്തുകളാണ് കർഷകർ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്തത്.വീടൊന്നിന് അഞ്ചെണ്ണവും ഗ്രൂപ്പുകൾക്ക് 30 എണ്ണവും ലഭിക്കും.വരും ദിവസങ്ങളിലായി ഒരുലക്ഷം പച്ചക്കറി തൈകളുടെയും പതിനായിരം ഫലവൃക്ഷ തൈകളുടേയും വിതരണവും ഉണ്ടായിരിക്കും.ആവശ്യക്കാർ വസ്തു കരം അടച്ചതിന്റെ പകർപ്പുമായി വാർഡു മെമ്പർമാരെ ബന്ധപ്പെടേണ്ടതാണ്. 14ാം വാർഡിൽ വാഴവിത്തുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.ഇ.ബി ചെയർമാൻ അഡ്വ.കെ അനന്തഗോപൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി,വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് എൻ,വാർഡു മെമ്പർമാരായ വി.കെ.ഓമനകുട്ടൻ, പ്രസന്നകുമാർ,കൃഷി അസിസ്റ്റന്റ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.