തിരുവല്ല: കുടിവെള്ളം മുടങ്ങിയതിനെതുടർന്ന് നെടുമ്പ്രം ജലവിഭവ വകുപ്പ് ഓഫീസിൽ കുടങ്ങളുമായെത്തി പ്രതിഷേധിച്ചു.പെരിങ്ങര പഞ്ചായത്ത് 10ാം വാർഡിലെ മഠത്തിലോട്ട്പടി എരിച്ചിപ്പുറം റോഡിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തകരാറ് പരിഹരിക്കാത്തതിനെതിരെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം. പൈപ്പ് പൊട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. ഇതുകാരണം മേഖലയിലേക്കുള്ള ജലവിതരണം നിറുത്തിവെച്ചിരിക്കുകയാണ്. പ്രദേശത്തെ മുപ്പതിലധികം വീടുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതോടെ മുടങ്ങിയത്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.പ്രതിഷേധസമരം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആശാദേവി അദ്ധ്യക്ഷയായി.ബൂത്ത് പ്രസിഡന്റ് കാർത്തികേയൻ,രാജേഷ് താഴ്ചയിൽ,സുകുമാരൻ പേരകത്ത് എന്നിവർ പ്രസംഗിച്ചു.