കോന്നി:ലോക്ക്ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.എല്ലാ 10 ദിവസം ചേരുമ്പോഴും എം.എൽ.എയുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തും.മെഡിക്കൽ കോളേജിന്റെ എല്ലാ ഉപകരാറുകാരുടെയും പങ്കാളിത്തത്തോടെയാണ് യോഗം ചേർന്നത്.പ്രോജക്ട് മാനേജർ രതീഷ്,ഡപ്യൂട്ടി മാനേജർ രോഹിത്,എച്ച്.എൽ .എൽ മാനേജർ അർജുൻ,പ്രൊജക്ട് എൻജിനിയർ സുമി,അസി. പ്രൊജക്ട് എൻജിനിയർ രതീഷ്,നാഗാർജ്ജുന പ്രൊജക്ട് മാനേജർ അജയകുമാർ,ഡപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
10 വാർഡുകളുടെ നിർമ്മാണം പൂർത്തിയായി
10 വാർഡുകളുടെ നിർമ്മാണം പൂർത്തിയായി.ഓരോ വാർഡിലും 30 രോഗികൾക്ക് കിടക്കാനാകും.ഓരോ വാർഡിലും ലാബ്,നഴ്‌സിംഗ് സ്റ്റേഷൻ,ഡോക്ടറുടെ മുറി തുടങ്ങിയ സൗകര്യമുണ്ട്.എല്ലാ രോഗികൾക്കും നഴ്‌സിംഗ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ബെൽ സിസ്റ്റവും തയാറായി. രോഗികളുടെ ബന്ധുക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്തിന്റെ പണിയും പൂർത്തിയായി.ക്ലാസ് റൂമുകളുടെ പണികളും 280 ടോയ്ലറ്റുകളും പൂർത്തിയായി. ആകെയുള്ള 10ലിഫ്റ്റൽ ഒന്നാം ഘട്ടത്തിൽ പൂർത്തിയാകേണ്ടത് നാല് എണ്ണമാണ്. അതിൽ രണ്ടെണ്ണം പൂർത്തിയായി.രണ്ടെണ്ണം 10 ദിവസത്തിനകം പണി പൂർത്തിയാക്കും.
വൈദ്യുതിയും വെള്ളവും
750 കെ.വി.യുടെ രണ്ട് ജനറേറ്ററിന്റെയും,1600 കെ.വി.യുടെ രണ്ട് ട്രാൻസ്‌ഫോർമറിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്.ഈ മാസം തന്നെ കമ്മീഷൻ ചെയ്യും.വാട്ടർ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം പൂർത്തിയാകുന്നു.പൂർത്തിയാകാനുള്ള ഇലക്ട്രിക്കൽ വർക്ക്, കെട്ടിടത്തിനുള്ളിലെ പെയിന്റിംഗ്,സ്റ്റീൽ കൈവരി നിർമ്മാണം തുടങ്ങിയവ ഈ മാസം പൂർത്തീകരിക്കും.ക്ലീനിംഗ്,പോളിഷിംഗ് വർക്കുകൾ ജൂലൈ 10നകം പൂർത്തീകരിക്കും.ജൂലൈ മാസത്തിൽ മെഡിക്കൽ കൗൺസിലിന് അപേക്ഷ നല്കും.
330 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള അനുമതിക്കായി അടുത്ത കിഫ്ബി ബോർഡിലേക്ക് ഫയൽ എത്തിയിട്ടുണ്ട്.പരിസ്ഥിതി അനുമതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്റിയുടെയും,ആരോഗ്യ മന്ത്റിയുടെയും നിർദ്ദേശാനുസരണം നടന്നു വരുന്നു.ഈ മാസം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.
കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)
രണ്ടാംഘട്ടത്തിനായി 330 കോടി