തിരുവല്ല: ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ ആയിരക്കണക്കിന് പേരെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത ഉണ്ണികൃഷ്ണൻനായരെ തിരുവല്ലയിലെത്തിച്ചു തെളിവെടുത്തു. സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാദൃശ്യമുള്ള കേരളാ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനംവഴി 150 കോടി രൂപയ്ക്ക് മുകളിൽ ഇയാൾ തട്ടിപ്പു നടത്തിയതായാണ് സൂചന. 1992മുതൽ കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ എം.ഡിയും കേസിലെ മുഖ്യസൂത്രധാരനുമായ അടൂർ ചൂരക്കോട് ചാത്തന്നൂർപ്പുഴ മുല്ലശ്ശേരിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നായരെ (56)യാണ് ഇന്നലെ ഉച്ചയോടെ തിരുവല്ല കച്ചേരിപ്പടിയിലെ ശാഖയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. നിക്ഷേപങ്ങൾക്ക് ബാങ്ക് പലിശയുടെ മൂന്നിരട്ടിവരെ പ്രതിമാസം പലിശ ലഭിക്കുമെന്ന കമ്പനിയുടെ മോഹനവാഗ്ദാനത്തിലാണ് പലരും കുടുങ്ങിയത്. നിക്ഷേപകരുടെ പണം എങ്ങനെ തിരിച്ചു നൽകുമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥാപനത്തിന് മുമ്പിൽ തടിച്ചുകൂടിയ നിക്ഷേപകരുടെയും ചോദ്യങ്ങൾക്ക് മുമ്പിൽ ഉണ്ണികൃഷ്ണൻ പാപ്പർ ഹർജിയുടെ പകർപ്പ് കാണിച്ചതോടെ പലരും ക്ഷുഭിതരായി. പ്രതിക്ക് നേരേ തട്ടിപ്പിനിരയായ സ്ത്രീകളുടെ ആക്രോശവും ശാപവചനങ്ങളും മുഴക്കി. തിരുവല്ല സ്റ്റേഷനിൽ മാത്രം മുപ്പതോളം കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം മുന്നൂറോളം കേസുകളുണ്ട്.
കെണിയിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ വരെ
മക്കളുടെ വിവാഹ ആവശ്യത്തിനായി കരുതിവെച്ച പണം മുതൽ റിട്ടയർമെന്റ് സമയത്ത് ലഭിച്ച തുകയടക്കം കമ്പനിയിൽ നിക്ഷേപിച്ചവരുമാണ് എം.ഡിയുടെ പാപ്പർ ഹർജിക്ക് മുമ്പിൽ പകച്ചുനിൽക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 28ശാഖകൾ വഴിയായിരുന്നു തട്ടിപ്പുകൾ അരങ്ങേറിയത്. ഉണ്ണികൃഷ്ണൻനായരെ കൂടാതെ സ്ഥാപനത്തിന്റെ എം.ഡിമാരായ ഭാര്യ കോമള, കൃഷ്ണൻനായർ, വിജയലക്ഷ്മി എന്നിവരും കേസിൽ പ്രതികളാണ്. ഒന്നരവർഷം മുമ്പ് മുഴുവൻ ബ്രാഞ്ചുകളും ഒറ്റയടിക്ക് അടച്ചുപൂട്ടി മുങ്ങിയ ഉണ്ണികൃഷ്ണൻ വിവിധ ജില്ലകളിലായി വാടക വീടുകളിൽ ഒളിവിലായിരുന്നു. ഇതിനിടെയാണ് എറണാകുളത്തെ ഇടപാടുകാരുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കഴിഞ്ഞമാസം ഉണ്ണികൃഷ്നെ വാടകവീട്ടിൽനിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ കാക്കനാട് സബ്ജയിലിൽ റിമാന്റിലായിരുന്നു. അവിടെ നിന്നുമാണ് തിരുവല്ല സ്റ്റേഷനിലെ പരാതികളിൻമേൽ കോടതി മുഖേന തിരുവല്ല പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുവന്നത്.