03-kidavu1
വള്ളിപുലി കടിച്ചു കൊന്ന മൂരിക്കിടാവ്‌

മലയാലപ്പുഴ: കടവുപുഴയിലെ വനത്തോടു ചേർന്ന ജനവാസ മേഖലയിലിറങ്ങിയ വള്ളിപുലി മൂരികിടാവിനെ കടിച്ചു കൊന്നു. ഇന്നലെ പുലർച്ചെ 5:30ന് കടവുപുഴ കിഴക്കേക്കര പുത്തൻവീട്ടിൽ കമലമ്മയുടെ വീടിനോടു ചേർന്ന തൊഴുത്തിലെ 15 ദിവസം പ്രായമുള്ള മൂരികിടാവിനെയാണ് വള്ളിപുലി കൊന്നത്.പുലർച്ചെ തൊഴുത്തിൽ പശുവിന്റെയും കിടാവിന്റെയും അലർച്ചയും മറ്റ് ഭീതിപ്പെടുത്തുന്ന ശബ്ദ്ധവും കേട്ട് നോക്കുമ്പോഴാണ് തൊഴുത്തിൽ മൂരികിടാവ് കിടന്ന് പിടയുന്നത് കണ്ടത്. കഴുത്തിലും, ശരീരത്തിലെ മറ്റു ഭാഗങ്ങളിലും മുറിവേറ്റ് ചോര വാർന്ന നിലയിലായിരുന്നു. സംഭവമറിഞ്ഞ് സമീപത്തെ വീടുകളിൽ താമസിക്കുന്നവരും സ്ഥലത്തെത്തി. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മുറിപ്പാടുകളും,അഞ്ച് സെന്റീമീറ്റർ നീളവും മൂന്ന് സെന്റീമീറ്റർ വീതിയുമുള്ള കാൽപ്പാടുകളുടെ ലക്ഷണങ്ങളും വച്ച് ഇത് വള്ളിപുലിയാണന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ഗിരി പറഞ്ഞു.വീട്ടുകാർ പിന്നീട് കിടാവിന്റെ മൃതദേഹം മറവു ചെയ്തു.

വനത്തോട് ചേർന്ന ജനവാസ മേഖല

മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ വടശേരിക്കര റേഞ്ചിലെ വനത്തോടു ചേർന്ന ജനവാസ മേഖലയാണ്. കല്ലാറിന്റെ ഇരുകരകളിലുമായി നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.കല്ലാറിന്റെ മറുകരയിൽ വനത്തോടു ചേർന്ന പ്രദേശത്താണ് സംഭവം നടന്ന കിഴക്കേക്കര പുത്തൻവീട്ടിൽ കമലമ്മയുടെ വീടും തൊഴുത്തും. പതിവായി കാട്ടാനയുടെ ആക്രമണമുള്ള ഇവിടെ പുലിയുടെ ആക്രമണം ആദ്യത്തെ അനുഭവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

പുലർച്ചെ തൊഴുത്തിൽ പശുവിന്റെയും കിടാവിന്റെയും അലർച്ചയും ഭീതിപ്പെടുത്തുന്ന ഏതോ ജീവിയുടെ ശബ്ദ്ധവും കേട്ടാണ് ഉണരുന്നത്.ലൈറ്റിട്ട് തൊഴുത്തിന് സമീപമെത്തുമ്പോൾ മുറിപ്പാടുകളുമായി കിടന്ന് പിടയുന്ന കിടാവിനെയാണ് കാണുന്നത്. വനത്തോടു ചേർന്ന ഇവിടെ ദിവസവും രാത്രിയിൽ കാട്ടാനകൾ പറമ്പിലെത്തുമെങ്കിലും വള്ളിപുലിയുടെ ആക്രമണം ആദ്യമാണ്.

(കമലമ്മ)