പത്തനംതിട്ട : എ.ആർ ക്യാമ്പിന്റെ മതിലിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തന ബോധവത്കരണ സന്ദേശങ്ങളും കാർട്ടൂണുകളും വരച്ച് കലാകാരന്മാർ നാടിന് സമർപ്പിച്ചു. കേരള കാർട്ടൂൺ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാർട്ടൂൺ മതിൽ തയാറാക്കിയത്. അക്കാദമിയുടെ പ്രഗത്ഭരായ 11 കലാകാരൻമാർ പങ്കാളികളായി.
കൊവിഡിനെ അതിജീവിച്ച 93 കാരൻ തോമസും 88കാരി മറിയാമ്മയും പ്രതിരോധത്തിന്റെ മതിലിൽ തെളിഞ്ഞു. എസ്.എം.എസ് എന്ന സുരക്ഷാ മന്ത്രം പറഞ്ഞ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും, ഈ കളി ജയിക്കാൻ മാത്രം കളിക്കുന്നതാണെന്ന പഞ്ച് ഡയലോഗുമായി മോഹൻലാലും മതിലിലുണ്ട്.
പത്തനംതിട്ടയിലെ പ്രിയ വ്യക്തിത്വങ്ങളെയും ഭാഷാശൈലിയെയുമാണ് ഏറെയും വരച്ചത്. ക്രിസോസ്റ്റം തിരുമേനിയെ ചിത്രീകരിച്ചത് കാർട്ടൂണിസ്റ്റ് കൂടിയായ, മാർത്തോമാ സഭയുടെ അനിമേഷൻ വിഭാഗം ഡയറക്ടർ ഫാ.ജോസ് പുനമടമാണ്. കൊവിഡ് കില്ലറായി സോപ്പും മാസ്‌കും സാനിറ്റൈസറുമായി വരുന്ന പവനായിയായി ക്യാപ്ടൻ രാജുവും മതിലിൽ തെളിഞ്ഞു.
സാനിറ്റൈസറും മാസ്‌ക്കും കലാകാരന്മാർക്കു നൽകി കാർട്ടൂൺ മതിൽ വീണാ ജോർജ് എം.എൽ.എ നാടിനു സമർപ്പിച്ചു. ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, ജില്ലാ സാമൂഹിക സുരക്ഷാ മിഷൻ കോഓർഡിനേറ്റർ എ.എൽ. പ്രീത, കോഓർഡിനേറ്റർ പ്രേമകുമാരി തുടങ്ങിയവർ പങ്കെടുത്തു.


കാർട്ടൂണിനൊപ്പം കരുതലും എന്ന ആശയം മുൻനിറുത്തിയാണ് കാർട്ടൂൺ മതിൽ തയാറാക്കിയിട്ടുള്ളത്.

ബി. ഉണ്ണികൃഷ്ണൻ,

ചെയർമാൻ

കാർട്ടൂൺ അക്കാദമി

കാർട്ടൂൺ മതിലിൽ പങ്കാളികളായവർ

1.പ്രതാപൻ പുളിമാത്ത്, 2. അനൂപ് രാധാകൃഷ്ണൻ, 3.ഡാവിഞ്ചി സുരേഷ്, 4.ഫാ.ജോസ് പുന്നമഠം, 5.ഷാജി സീതത്തോട്, 6.സുഭാഷ് കല്ലൂർ, 7.രതീഷ് രവി, 8.സനീഷ് ദിവാകരൻ, 9.സജീവ് ശൂരനാട്, 10.സുരേഷ് ഹരിപ്പാട്, 11. പന്തളം ബാബു.