ചെങ്ങന്നൂർ: താലൂക്ക് ഒാഫീസിലെ വനിതാ ജീവനക്കാരിയോട് ഡപ്യൂട്ടി തഹസിൽദാർ
അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടപടി വൈകുന്നതായി പരാതി.2019 ജൂലായിൽ ജില്ലാ കളക്ടർ, മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് ജീവനക്കാരി പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതോടെ ഇപ്പോൾ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്..
ഡപ്യൂട്ടി തഹസിൽദാരുടെ ഇംഗിതത്തിന് വഴങ്ങാതെ വന്ന തന്നെ സ്ഥലം മാറ്റിയെന്നും പരാതിയിലുണ്ട്..
അടിയന്തരമായി വനിതാ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് അന്ന് കളക്ടർ താലൂക്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു..
ജീവനക്കാരി ഉദരസംബന്ധമായ ശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുകയാണെന്നായിരുന്നു താലൂക്ക് ഒഫീസിൽ നിന്ന് അറിയിച്ചത്. വീട്ടിലെത്തി മൊഴിയെടുക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
കഴിഞ്ഞ മാസം 6 ന് ജീവനക്കാരി താലൂക്ക് ഒാഫീസിലെത്തി മൊഴി നൽകുകയായിരുന്നു.
ഡപ്യൂട്ടി തഹസിൽദാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്തുകയാണെന്നാണ് ആരോപണം..