കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസമുണ്ടായി കുഴഞ്ഞുവീണ അദ്ധ്യാപികയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി സഹപ്രവർത്തക രക്ഷകയായി. അടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പിലാണ് സംഭവം.
കൊട്ടാരക്കര വാളകം ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായ നിഷ.പി.ജോണിന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അസ്വസ്ഥതകൾ ഉണ്ടായത്. തൊണ്ടയിൽ ഭക്ഷണം തടഞ്ഞതോടെ ഇവർ ശ്വാസതടസത്താൽ വെപ്രാളത്തിലായി. കുഴഞ്ഞുവീണ നിഷയെ നോക്കി മറ്റ് സഹപ്രവർത്തകർ നിലവിളിച്ചപ്പോൾ അദ്ധ്യാപികയായ ബിസ്മി റാണി ഓടിയെത്തി നെഞ്ചിൽ ക്രമപ്പെടുത്തി അമർത്തിയും കൃത്രിമ ശ്വാസം നൽകിയും നിമിഷനേരം കൊണ്ട് പ്രാഥമിക ശുശ്രൂഷകൾ നൽകി. അധികം വൈകാതെ അദ്ധ്യാപികയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
മരണം മുന്നിൽക്കണ്ട നിമിഷത്തിൽ നിന്ന് ജീവൻ തിരികെപ്പിടിച്ച് നൽകിയതിന്റെ ആശ്വാസത്തിലായിരുന്നു നിഷ.പി.ജോൺ. അവശ്യഘട്ടത്തിൽ ഉണർന്ന് പ്രവർത്തിച്ച ബിസ്മി റാണിയെ ഓടിക്കൂടിയവരെല്ലാം അഭിനന്ദിച്ചു. തൃശൂർ കഴിമ്പ്രം ബി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായ ബിസ്മി റാണി ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറായ (കോട്ടയം) കൊട്ടാരക്കര പുത്തൂർ ഐവർകാല ഗ്രീൻവില്ലയിൽ അശ്വിത്തിന്റെ ഭാര്യയാണ്. പ്രതിസന്ധി ഘട്ടത്തിൽ പതറാതിരുന്നതിനാൽ ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ടീച്ചർ.