പത്തനംതിട്ട: പാടം, കരിപ്പാൻതോട് വനമേഖലകളിൽ നിന്ന് ഇരുപത് ലക്ഷത്തിന്റെ തേക്കുമരങ്ങൾ വെട്ടിക്കടത്തിയ കേസിൽ അന്വേഷണ സംഘത്തിലുള്ളവരെയും സസ്പെന്റ് ചെയ്തത് വിവാദമായി.. ഇതേച്ചൊല്ലി വനപാലകർക്കിടയിൽ ശീതസമരം രൂക്ഷമാണ്. കാട്ടുകള്ളൻമാരായ ഉദ്യോഗസ്ഥർ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി തങ്ങളെ സസ്പെന്റ് ചെയ്യിക്കുകയായിരുന്നെന്ന് നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥർ വനംമന്ത്രി കെ.രാജുവിനെ കണ്ട് പരാതി പറഞ്ഞു.
രണ്ട് റേഞ്ച് ഒാഫീസർമാരടക്കം 12 പേരെ ഒരാഴ്ച മുമ്പാണ് സസ്പെൻഡ് ചെയ്തത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറ് കൂറ്റൻ തേക്കുമരങ്ങൾ വെട്ടി കഷണങ്ങളാക്കി റബർ തടികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ സംഭവത്തിൽ കേസെടുക്കാനും അന്വേഷണം നടത്താനും വൈകിയെന്ന കുറ്റം ചുമത്തിയാണ് നടപടിയെടുത്തത്.
ചില വനപാലകരുടെ ആസൂത്രണത്തിൽ നടന്ന വനംകൊള്ളയിൽ അവരിലേക്ക് കൂടി അന്വേഷണം നീണ്ടതിനെ തുടർന്നാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തവരെ സസ്പെൻഡ് ചെയ്തതെന്ന് ഒരു വിഭാഗം ആരോപിച്ചു.
--------------------
@ അട്ടിമറിക്കാർ അകത്ത്, തെളിവ് ശേഖരിച്ചവർ പുറത്ത്
മന്ത്രിയറിയാതെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ട കൊല്ലം സ്വദേശിയായ മുൻ യുവജന നേതാവിനെ സ്വാധീനിച്ചാണ് കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘത്തെ സസ്പെന്റ് ചെയ്തതെന്ന് ആക്ഷേപമുണ്ട്. വനംകൊള്ളയിൽ കേസെടുക്കാൻ നിർബന്ധം പിടിച്ച വനപാലകർ പുറത്തും അട്ടിമറിക്ക് നേതൃത്വം കൊടുത്തവർ അകത്തും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേസിൽ കൊക്കാത്തോട‌് ഒരേക്കർ സ്വദേശിയായ ഒരാളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടതല്ലാതെ മറ്റ് പ്രതികളെ കണ്ടെത്തിയിട്ടില്ല.
കോന്നി വനംവകുപ്പ് ക്വാർട്ടേഴ്സിൽ ചില വനപാലകരും പ്രതികളും നടത്തിയ ഗൂഢാലോചന സി.സി.ടി.വി യിലൂടെ കണ്ടെത്തുകയും മറ്റ് തെളിവുകൾ ശേഖരിക്കുകയും ചെയ്തവരും സസ്പെൻഷനിലായവരിലുണ്ട്.
തടികൾ കണ്ടെത്തിയവർ, പ്രതികളെ തിരിച്ചറിഞ്ഞവർ, അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിച്ചവർ, കേസ് ഡയറി തയ്യാറാക്കിയവർ എന്നിവരാണ് സസ്പെൻഷനിലായവർ.
-------------------------
നടപടിയുണ്ടാകും: മന്ത്രി
വനത്തിൽ നിന്ന് തടികൾ വെട്ടിക്കടത്തിയ കേസിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.രാജു കേരളകൗമുദിയോട‌് പറഞ്ഞു. കേസിൽ തക്ക സമയത്ത് നടപടിയെടുക്കാതിരുന്നതിനാലാണ് സസ്പെൻഷൻ. അന്വേഷണം നടക്കുകയാണ്. തടി കടത്തിയവരെയും കൂട്ടുനിന്നവരെയും വെറുതെ വിടില്ല..