പത്തനംതിട്ട : ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സ്കൂൾ വിപണിയിൽ മൊബൈൽ ഫോണാണ് താരം . പക്ഷെ സംഗതി കിട്ടാനില്ല. സ്റ്റോക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു..
വീട്ടിൽ ഒരു ഫോൺ മാത്രമുള്ളവരേറെയുണ്ട്. ലോക്ക് ഡൗണിൽ ഓൺലൈനിൽ ജോലിചെയ്യുന്ന മാതാപിതാക്കളുണ്ട്. അവർക്ക് ഫോൺ കൂടിയേ തിരു. അപ്പോൾ പുതിയ ഫോൺ വാങ്ങാതെ തരമില്ല. ടിവി ചാനൽ വഴി പഠിപ്പിക്കുന്നത് ഗുണകരമാണെങ്കിലും ഇടയ്ക്ക് തടസം നേരിടുന്നതും ശ്രദ്ധ പതറിയാൽ മനസിലാകാത്തതും കാരണം നിരവധിപ്പേരാണ് മൊബൈലിൽ ക്ലാസുകൾ കാണുന്നത്. തവണകളായി പണം നൽകി വാങ്ങാൻ കഴിയുന്നതിനാൽ വില വലിയ പ്രശ്നമായി ആരും കാണുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
10,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾക്കാണ് ആവശ്യക്കാരേറെയും. കൂടുതൽ പേർ അന്വേഷിച്ച് എത്തുന്നത് 8000 രൂപയ്ക്കുള്ളിൽ നിൽക്കുന്ന സ്മാർട്ട് ഫോണുകളാണ്. കുട്ടികളുടെ പഠനത്തിന് അത്യാവശ്യം ആയതിനാൽ ദിവസം പത്തിലേറെ ആളുകൾ വില കുറഞ്ഞ സ്മാർട്ട് ഫോണുകൾ തിരക്കി എത്തുന്നുണ്ട്. റെഡ്മി പോലെയുള്ള ബഡ്ജറ്റ് ഫോണുകളുടെ സ്റ്റോക്ക് മാർച്ചിൽ ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് വന്നതാണ്. അടൂർ, തിരുവല്ല എന്നിവിടങ്ങളിലെ സ്റ്റോക്ക് എടുക്കുന്ന സ്ഥാപനങ്ങളിലൊന്നും പുറത്തുനിന്ന് ഫോണുകൾ വരുന്നില്ല. ഹോൾസെയിൽ കച്ചവടക്കാർക്കും ലഭിക്കുന്നില്ല.
---------------
12,000 രൂപയ്ക്ക്
മുകളിലുള്ളവമാത്രം
വിവോ, സാംസങ്, റെഡ്മി എന്നിവയുടെ 12,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകൾ മാത്രമാണ് കടകളിൽ കിട്ടാനുള്ളത്. ഒപ്പോയും റിയൽമിയും വിപണിയിലേയില്ല. 70 ദിവസം മുമ്പാണ് റിയൽമിയുടെ സ്റ്റോക്ക് വന്നതെന്ന് വ്യാപാരികൾ പറയുന്നു. വിരലിലെണ്ണാവുന്ന ഫോണുകൾ മാത്രമാണ് കടകളിൽ അവശേഷിക്കുന്നത്. അക്‌സസറീസ് ആവശ്യത്തിനുണ്ടെങ്കിലും ഇവയ്ക്ക് വിൽപന കുറവാണ്. കീപ്പാഡ് ഫോണുകൾക്ക് ആവശ്യക്കാർ തീരെ കുറവാണിപ്പോൾ. ദിവസം ഒന്നോ രണ്ടോ എണ്ണം മാത്രമേ വിറ്റുപോകാറുള്ളൂ.
----------------
മാർക്കറ്റിൽ വലിയ ഡിമാൻഡ് ഇല്ലാത്ത മൊബൈലിന് പോലും നിരവധി ആവശ്യക്കാർ എത്തുന്നുണ്ട്. വിലകുറഞ്ഞ ഫോണുകൾ അന്വേഷിച്ചാണ് പലരും എത്തുന്നത്. മുൻകൂർ പണം നൽകിയാൽ പോലും പകുതി വിലയ്ക്കുള്ള സാധനങ്ങൾ മാത്രമേ വിതരണക്കാർ നൽകുന്നുള്ളു.
അബ്ദുൾ ഷുക്കൂർ
കൈരളി മൊബൈൽസ് ഉടമ
പത്തനംതിട്ട