തിരുവല്ല: ലോക്ക് ഡൗണിന്റെ മറവിൽ ചട്ടങ്ങൾ ലംഘിച്ച് എം.സി.റോഡരികിൽ അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി. മുത്തൂർ ജംഗ്‌ഷനിൽ നിന്ന് നൂറുമീറ്റർ വടക്കുമാറി എം.സി റോഡിനു പടിഞ്ഞാറുവശത്താണ് ഒരാഴ്ചയിലേറെയായി കടമുറികളുടെ നിർമ്മാണം പുരോഗമിക്കുന്നത്. എം.സി റോഡിനോട് ചേർന്ന് നിലവിലുണ്ടായിരുന്ന കടമുറികളാണ് ദൂരപരിധി ഉൾപ്പെടെയുള്ള ചട്ടങ്ങൾ പാലിക്കാതെ പുതുക്കി നിർമ്മിക്കുന്നത്. കടമുറി പുതുക്കിപ്പണിയുന്നതിന് നഗരസഭ അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശം മുഖേന നഗരസഭാ അധികൃതർ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ അനുമതിയുണ്ടെന്ന വ്യാജേനയാണ് നിർമ്മാണം നടക്കുന്നത്. നിലവിലെ പഴക്കമുള്ള കടമുറികളുടെ മറവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. അടിത്തറയിൽ ഇരുമ്പുകമ്പികൾ കൊണ്ട് കോൺക്രീറ്റ് ചെയ്തും പില്ലറുകൾ നിർമ്മിച്ചും ബഹുനില കെട്ടിടത്തിന്റെ പ്ലാനിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. പഴയകെട്ടിടത്തിന്റെ മുന്നിലെ ഭിത്തിയും കടമുറിയുടെ തട്ടിയും മാത്രം നിലനിറുത്തിയിട്ടുണ്ട്. ഇതുകാരണം പിന്നിൽ നടക്കുന്ന നിർമ്മാണം റോഡിലൂടെ പോകുന്നവർക്ക് പോലും കാണാനാകില്ല. നഗരസഭയ്ക്കും റവന്യു അധികൃതർക്കും പോലീസിലും നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയില്ല..