തണ്ണിത്തോട്: ആദിത്യൻ ആള് നിസാരനല്ല. നാട്ടുകാർക്ക് ഭീഷണിയായ കാട്ടാന മുതൽ കാട്ടുപൂച്ചവരെയുള്ള വന്യമൃഗങ്ങളെ തുരത്താനുള്ള വിദ്യ ഇൗ പതിനഞ്ചുകാരന്റെ കൈയിലുണ്ട്. പേര് റോക്കറ്റ് ലോഞ്ചർ. വന്യമൃഗങ്ങളെക്കൊണ്ട് മലയോരഗ്രാമമായ തണ്ണിത്തോട്ടുകാർ പൊറുതിമുട്ടിയപ്പോൾ പരിഹാരം കാണാൻ ആദിത്യൻ തയ്യാറാക്കുന്നതാണിത്. നാട്ടുകാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്നുമുണ്ട്. റോക്കറ്റ് ലോഞ്ചറിൽ നിന്നുള്ള സ്ഫോടന ശബ്ദവും തീയും കണ്ടാൽ മതി വന്യമൃഗങ്ങൾ ജീവനുംകൊണ്ട് കാട്ടിലേക്കോടും.
സംഗതി നിസാരമാണ്. രണ്ടിഞ്ചിന്റെയും നാലിഞ്ചിന്റെയും രണ്ട് പി.വി.സി പൈപ്പുകളാണിതിലെ പ്രധാന ഭാഗങ്ങൾ. രണ്ടിഞ്ചിന്റെ പൈപ്പിന് നീളംകൂടുതലാണ്. നാലിഞ്ചിന്റെ പൈപ്പിന്റെ ഒരു വശം റെഡ്യൂസർ കൊണ്ട് ഒട്ടിച്ചിട്ടുണ്ട്. റെന്റ് ഗ്യാപ്പുള്ള ഭാഗത്ത് ഗ്യാസ് ലൈറ്റർ ഉറപ്പിച്ചിട്ടുണ്ട്. രണ്ടു പൈപ്പുകളും ചേർത്തുവച്ചിരിക്കുന്നതിനാൽ തോക്കുപോലെയാണ് ആകൃതി.
നാലിഞ്ചിന്റെ പൈപ്പിനുള്ളിൽ കാർബൈഡ് കട്ടവയ്ക്കും. രണ്ടിഞ്ച് പൈപ്പിനുള്ളിൽ പത്രക്കടലാസുകൾ തിരുകിനിറയ്ക്കും. മുകളിൽ കുറച്ച് ചരൽക്കല്ലും. ഗ്യാസ് ലൈറ്ററിൽ അമർത്തുമ്പോളുണ്ടാവുന്ന തീപ്പൊരിയിലൂടെ കാർബൈഡ് കത്തുമ്പോൾ പത്രക്കടലാസ് ആളിക്കത്തി ചരൽക്കല്ലുകൾക്കൊപ്പം വലിയ ശബ്ദത്തോടെ പുറത്തേക്ക് തെറിക്കും . വലിയ ശബ്ദമുണ്ടാകുമെന്നല്ലാതെ അപകടകരമല്ല എന്നതാണ് പ്രത്യേകത.
നിർമ്മാണ ചെലവ് തീരെ കുറവ്.
ആദിത്യന്റെ സഹോദരൻ അഖിലാണ് നിർമ്മാണത്തിൽ സഹായിക്കുന്നത്. തണ്ണിത്തോട് താന്നി നിൽക്കുംകാലായിൽ പി.എസ് വിജയന്റെയും ഷൈനിയുടെയും മക്കളാണ് ഇവർ. പ്ലാന്റെഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ് സ്റ്റേറ്റിൽ 9 റോക്കറ്റ് ലോഞ്ചറുകൾ വാച്ച്മാൻമാർ ഉപയോഗിക്കുന്നുണ്ട്. തണ്ണിത്തോട്‌സെന്റ് ബനഡിക് ഹൈസ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ആദിത്യൻ.
-----------------
പൊറുതിമുട്ടി കടവുപുഴക്കാർ
മലയാലപ്പുഴ: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് മലയോരവാസികൾ. കടവുപുഴയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. മലയാലപ്പുഴ പഞ്ചായത്തിലുൾപ്പെട്ട കടവുപുഴ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ വനമേഖലയോടു ചേർന്നപ്രദേശമാണ്. കല്ലാറിന്റെ ഇരുകരകളിലുമായി നിരവധി കുടുബങ്ങളാണ് താമസിക്കുന്നത് കൃഷിയിടങ്ങളിൽ ദിവസവും രാത്രിയിലെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. സന്ധ്യ മയങ്ങിയാൽ വീടുകളുടെ സമീപത്തുവരെ കാട്ടാനകളെത്തും. പാട്ടകൊട്ടിയും പന്തംകൊളുത്തിയുമാണ് ഇവയെ തുരത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം കടവുപുഴ മൺപിലാവിൽ നടരാജൻ, മണിയൻപാറ സോമൻ, മൺപിലാവിൽ ജഗദമ്മ, ദേവീവിലാസത്തിൽ ശശി, മൺപിലാവിൽ ശാന്ത, എന്നിവരുടെ കാർഷികവിളകൾ നശിപ്പിച്ചു. വാഴ, കപ്പ, ചേന, കാച്ചിൽ, കുരുമുളക്, തെങ്ങ്, റബർ, കമുക് എന്നിവ വൻതോതിലാണ് നശിപ്പിച്ചത്. കിടങ്ങുകളോ, സോളാർ വേലികളോ വനാതിർത്തിയിൽ വനംവകുപ്പ് നിർമ്മിച്ചിട്ടില്ല. സമീപത്തെ ഹാരിസൺപ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ പുലർച്ചെ റബർ ടാപ്പിങ്ങിനിറങ്ങുന്ന തൊഴിലാളികളും ഭീതിയിലാണ്. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് പല കുടുബങ്ങളും ഇവിടെ നിന്ന് താമസം മാറിപ്പോകുന്നതായി കടവുപുഴ സ്വദേശി ഹുസൻ പറഞ്ഞു.