പത്തനംതിട്ട- തരിശ് ഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള ഹരിതകേരളം മിഷന്റെ സംരംഭമായ പച്ചത്തുരുത്തുകൾ ആയിരത്തിലേക്ക് കടക്കുന്നു. പൊതുസ്ഥലങ്ങളിലുൾപ്പെടെ തരിശുഭൂമി കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവ വൈവിദ്ധ്ത്തുരുത്തുകൾ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ വേങ്ങോട് ഹെൽത്ത് സെന്റർ പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് നീർമാതളത്തിന്റെ തൈ നട്ട് ആദ്യ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തത്. ഒരു വർഷം പിന്നിടുമ്പോൾ സംസ്ഥാനമൊട്ടാകെ 370 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി 632 പച്ചത്തുരുത്തുകൾ 539 ഏക്കറിലായി നിലവിൽവന്നു. 368 പച്ചത്തുരുത്തുകൾ കൂടി ആരംഭിച്ച് 1000 പച്ചത്തുരുത്തുകൾ പൂർത്തിയാക്കാനുള്ള രണ്ടാംഘട്ടത്തിന് ഹരിതകേരളം മിഷൻ ജൂൺ 5 പരിസ്ഥിതിദിനത്തിൽ തുടക്കമിടുകയാണ്.
എല്ലാ ജില്ലകളിലുമായി പുതിയ ഇരുന്നൂറോളം പച്ചത്തുരുത്തുകൾക്കും അന്ന് തുടക്കമാകും. ഇതിനായുള്ള സ്ഥലങ്ങളും തൈകളും കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ നശിച്ചുപോയ തൈകൾക്ക് പകരം പുതിയവ നടുന്ന പ്രവർത്തനവും നടക്കും. ഈ മാസം തന്നെ 1000 പച്ചത്തുരുത്തുകൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ സീമ അറിയിച്ചു. കൂടാതെ ജൂൺ 5 പരിസ്ഥിതിദിനത്തിൽ 'പച്ചത്തുരുത്തും ജൈവവൈവിദ്ധ്യവും' എന്ന വിഷയത്തിൽ രാവിലെ 10.30 മുതൽ 12 വരെ ഹരിതകേരളം മിഷൻ ഫെയ്സ്ബുക്ക് ലൈവും സംഘടിപ്പിച്ചിട്ടുണ്ട്.
ചുരുങ്ങിയത് അര സെന്റ് മുതൽ കൂടുതൽ വിസ്തൃതിയുള്ള ഭൂമിയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകൾക്ക് നിർണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാർബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാർബൺ കലവറകളായി വർത്തിക്കുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.