പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള താലൂക്ക്തല അദാലത്തുകൾ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തുന്നതിന് കോന്നി താലൂക്കിൽ ജൂൺ ആറിന് തുടക്കമാകും. ജില്ലാ കളക്ടർ കളക്ടറേറ്റിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നത്. ഇതിനായി കോന്നി താലൂക്കിലുള്ള അപേക്ഷകർക്ക് ഇന്നു മുതൽ 5ന് ഉച്ചയ്ക്ക് 12വരെ കോന്നിയിലെ അക്ഷയകേന്ദ്രങ്ങളിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യേണ്ടത്

രജിസ്റ്റർ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോൺ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോൺഫറൻസിന്റെ സമയം അപേക്ഷകരുടെ ഫോണിൽ സംരംഭകൻ അറിയിക്കും.തുടർന്ന് ഓരോ പരാതിക്കാരനും തങ്ങൾക്ക് നിർദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തിൽ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോൺഫറൻസിലൂടെ പൊതുജനങ്ങൾ ബോധിപ്പിക്കുന്ന പരാതികൾ ഇആപ്ലിക്കേഷൻ വഴി സമർപ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.

ഓൺലൈൻ പരാതിപരിഹാര സംവിധാനം


ജില്ലകളിൽ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകൾ ഓൺലൈനിൽ സംഘടിപ്പിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടർന്നാണ് ഓൺലൈൻ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തുന്നത്. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരൻ എത്താൻ പാടുള്ളൂ. കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചായിരിക്കും ഓൺലൈൻ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ ഓഫീസുകളിൽ നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കണം.

-വീഡിയോ കോൺഫറൻസിലൂടെ അക്ഷയ കേന്ദ്രങ്ങൾ മുഖേന പരാതി കേൾക്കും

-ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം

-നാളെ ഉച്ചയ്ക്ക് 12ന് അവസാനിക്കും