പത്തനംതിട്ട: പാടം, കരിപ്പാൻതോട് മേഖലകളിൽ നടന്ന വനംകൊള്ളയിൽ വനം വകുപ്പ് മന്ത്രിയുടെയും കെ.യു..ജനീഷ് കുമാർ എം.എൽ.എയുടെയും പങ്ക് അന്വേഷിക്കുക, പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സി നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റ് ഉപരോധിക്കും.

ലക്ഷങ്ങൾ വിലവരുന്ന തേക്കുതടികൾ മുറിച്ചുകടത്തിയവരെ സംരക്ഷിക്കുന്ന സമീപനമാണ് വനം മന്ത്രി സ്വീകരിച്ചതെന്നും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റുചെയ്യാൻ കഴിയാത്തത് ഇതിന് തെളിവാണെന്നും ഡി.സി.സി യോഗം ആരോപിച്ചു.

രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം..പിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി ., കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ. കെ.ശിവദാസൻ നായർ, പഴകുളം മധു, പി.മോഹൻരാജ്, മലേത്ത് സരളദേവി, അഡ്വ. എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം എന്നിവർ പ്രസംഗിച്ചു.