പത്തനംതിട്ട : ജില്ലയിൽ അനധികൃതമായി പച്ചമണ്ണ്,മണൽ,പാറ,മറ്റ് ക്രെഷർ ഉത്പന്നങ്ങൾ കടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ഇത്തരം സംഭവങ്ങൾ വൻതോതിൽ കുറഞ്ഞിരുന്നു. ജില്ലയുടെ ചിലഭാഗങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ വീണ്ടും ഉണ്ടാകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡും പരിശോധനയും കർശനമാക്കിയതായും ശക്തമായ നടപടികൾക്ക് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാഡോ പൊലീസിന്റെ മിന്നൽപരിശോധനയിൽ ഏനാത്ത് ആനമുക്കിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിൽ നിന്നും മതിയായ അനുമതി പത്രമില്ലാതെ പച്ചമണ്ണ് ഖനനം ചെയ്തതിനും കടത്തിയതിനും ജെ.സി .ബിയും മൂന്നു ടിപ്പറുകളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി:ആർ.ജോസിന്റെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന.