പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രി കൊവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി ജില്ലാ മെഡിക്കൽ ഒാഫീസർ വീണ്ടും പ്രഖ്യാപിച്ചു. ഇന്നു മുതൽ അത്യാഹിതം, നെഞ്ച് വേദനയ്ക്കുള്ള കാത്ത് ലാബ്, ഡയാലിസിസ് വിഭാഗങ്ങൾ മാത്രമാണ് ഉണ്ടാവുകയെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ് അറിയിച്ചു. സർജറി കൊവിഡ് രോഗികൾക്ക് മാത്രം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇൗ നില തുടരും.
സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഡോക്ടർമാരെ ടെലിമെഡിസിനിലൂടെ രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ച് വരെ ബന്ധപ്പെടാം.
നിലവിൽ ജനറൽ ആശുപത്രിയിൽ 25 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന കണക്കുകൂട്ടലിലാണ് കൊവിഡ് ആശുപത്രിയായി വീണ്ടും പ്രഖ്യാപിച്ചത്. നേരത്തെ ഇറ്റലിയിൽ നിന്നുവന്ന റാന്നിയിലെ കുടുംബത്തെയും ബന്ധുക്കളെയുമായി ഒൻപത് പേരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതോടെ ജനറൽ ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതോടെ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം പുനരാരാംഭിച്ചിരുന്നു. എന്നാൽ, സർജറി വീണ്ടും തുടങ്ങിയിരുന്നില്ല. കൊവിഡ് രോഗികളായ ഗർഭിണിക്ക് ആശുപത്രിയിൽ സർജറി നടത്തുകയുണ്ടായി. സർജറി ആവശ്യമായ മറ്റ് രോഗികളെ കോഴഞ്ചേരി, അടൂർ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയായിരുന്നു.