ചെങ്ങന്നൂർ: മുളക്കുഴയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ അദ്ധ്യാപകൻ ക്രൂരമായി തല്ലിയതായി പരാതി. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ അദ്ധ്യാപകനായ
അങ്ങാടിക്കൽ മുരളികയിൽ മുരളീധരനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു..
30 ന് വൈകിട്ട് 5 മണിയോടെയാണ് മുരളീധരൻ വീട്ടിൽവച്ച് കുട്ടികൾക്ക് ട്യൂഷനെടുത്തത്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വിവരം അയൽവാസികളാണ് പഞ്ചായത്ത് അംഗം പി.വി ഐശ്വര്യയെ അറിയിച്ചത്. തുടർന്ന് ഐശ്വര്യയും ആശാ വർക്കറും സ്ഥലത്തെത്തി കുട്ടിയോട് വിവരം ആരാഞ്ഞു..
ഗുണന പട്ടിക പഠിക്കാത്തതിനാണ് തല്ലിയതെന്ന് കുട്ടി പറഞ്ഞു. ചൂരൽ കൊണ്ട് തുടയിലും വയറിലും കൈകാലുകളിലുമായി പത്തിൽ പരം അടിയുടെ പാടുകളുണ്ട്. പക്ഷേ കുട്ടിയുടെ രക്ഷാകർത്താവ് പരാതിപ്പെടാൻ തയ്യാറല്ലായിരുന്നു. മുരളീധരനാണ് ഇയാളെയും പഠിപ്പിച്ചത്.
അതേസമയം കുട്ടി പഠനത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ തല്ലണമെന്ന് കുട്ടിയുടെ രക്ഷാകർത്താവ് പറഞ്ഞിട്ടുണ്ടെന്ന് മുരളി പറഞ്ഞു.