പത്തനംതിട്ട: ജില്ലയിൽ കൊവിഡ് കെയർ സെന്റർ ചുമതലയുള്ള അദ്ധ്യാപകരുടേയും ഇതര ജീവനക്കാരുടേയും ജീവിതം ദുരിതപൂർണമാകുന്നതായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ളയും സെക്രട്ടറി വി.ജി. കിഷോറും പറഞ്ഞു. ആറാം തീയതി ആകുന്നതോടെ ഇവരിൽ വലിയൊരു വിഭാഗം ജോലിയിൽ പ്രവേശിച്ചിട്ട് ഒരുമാസമാകും. പതിന്നാലു ദിവസം മാത്രമായിരിക്കും ചുമതലയെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചില സെന്ററുകളിൽ പോസിറ്റീവ് കേസുകൾ കണ്ടതോടെ വാർഡൻമാരായി സേവനം ചെയ്തിരുന്ന സന്നദ്ധ പ്രവർത്തകർ എത്താതായി തുടങ്ങി. ഇവർക്കു പകരം ആളെകണ്ടെത്താൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതു മൂലം മുറികളിൽ കഴിയുന്നവർക്ക് ആഹാരം എത്തിച്ചു നല്കലും അദ്ധ്യാപകർ ചെയ്യേണ്ട സ്ഥിതിയാണ്. ഇതിനിടെ പെയ്ഡ് സെന്ററുകളിലെ പണപ്പിരിവ് നടത്താൻ ഇവരെ നിർബന്ധിക്കുന്നതായി പരാതി ഉണ്ട്. സമീപ ജില്ലകളിൽ അദ്ധ്യാപകർക്ക് പകൽച്ചുമതല മാത്രം നല്കിയപ്പോൾ ഒരു ടീമിനെ മാത്രമുപയോഗിച്ച് രാത്രി കാലച്ചുമതല ഉൾപ്പെടെ ചെയ്യിപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് സദാശിവൻപിള്ളയും കിഷോറും പറഞ്ഞു.