പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ പച്ചക്കറി കൃഷി വ്യാപകമായപ്പോൾ ഒാമല്ലൂർ മഞ്ഞിനിക്കര അംബാനിലയത്തിൽ രവീന്ദ്ര വർമ്മയ്ക്ക് ഒരു മോഹം, ഇത്തവണ ഓണത്തിന് പുന്നെല്ലരി ചോറുണ്ണണം. നാട്ടുകാർക്കും നൽകണം. റബർ കർഷകനായിരുന്ന രവീന്ദ്രവർമ്മയുടെ പറമ്പ് ഇപ്പോൾ പച്ചപ്പട്ടു വിരിച്ചപോലെയാണ്.
വീടിനോട് ചേർന്ന ഒന്നര ഏക്കർ പറമ്പിലാണ് കര നെൽകൃഷി തുടങ്ങിയത്. 90 ദിവസം കൊണ്ട് പാകമാകുന്ന 50 കിലോ ഐ.ആർ. 50/16 വിത്ത് അക്ഷയതൃതീയ നാളിൽ വിതച്ചു. ഇപ്പോൾ ഒരു മാസം പിന്നിട്ടു. നെല്ലും കച്ചിയും ബുക്ക് ചെയ്തിരിക്കയാണ് അയൽക്കാർ. കുറഞ്ഞ വിലയ്ക്ക് വില്ക്കും.
നിലമൊരുക്കാനും കള നീക്കാനും നാട്ടിലെ പഴയ കർഷകനായ പങ്കജാക്ഷനെയും കൂട്ടി. ഒാമല്ലൂർ കൃഷി ഒാഫീസർ ജാനറ്റ് ഡാനിയേലിന്റെ പിന്തുണയുമുണ്ട്.
കുട്ടികളെ പങ്കെടുപ്പിച്ച് കൊയ്ത്തുത്സവം നടത്താനാണ് തീരുമാനം. ഇതിനകം 15,000 രൂപ ചെലവായി. വളമിടാനും മറ്റും ഇനിയും ചെലവുണ്ട്. മുതൽമുടക്ക് കിട്ടിയാൽ അടുത്ത കൃഷി.
ബാലഗോകുലം ജില്ലാ അദ്ധ്യക്ഷനും ഒാമല്ലൂർ ഗ്രാമസംരക്ഷണ സമിതി പ്രസിഡന്റുമാണ് രവീന്ദ്രവർമ്മ. അടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപിക ജയശ്രീയാണ് ഭാര്യ. മക്കൾ: നീരജ വർമ്മ, ലിഖിതാ വർമ്മ.
റബർ വെട്ടിനിരത്തി
റബർ കൃഷിക്കാരനായിരുന്നു രവീന്ദ്ര വർമ്മ. പറമ്പിൽ ഒൻപത് വർഷം പ്രായമായ ഇരുന്നൂറോളം മരങ്ങളുണ്ടായിരുന്നു. റബർ വില കുത്തനെ താഴ്ന്നപ്പോൾ രണ്ടു കൊല്ലം മുമ്പ് വെട്ടിക്കളഞ്ഞു. ആ ഭൂമിയിലാണ് ആദ്യമായി നെൽവിത്തിറക്കിയത്. വീട്ടമുറ്റത്ത് പത്തിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
'' കൃഷിയുടെ തനിമ പുതിയ തലമുറയിലേക്കു പകരാനാണ് പരമ്പരാഗത രീതിയിൽ നെൽകൃഷി തുടങ്ങിയത്. ഒാണസദ്യയുണ്ണാൻ നെല്ല് നാട്ടുകാർക്കും നൽകും.
- രവീന്ദ്രവർമ്മ അംബാനിലയം