kv
കെ.വി ജോർജ്

പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്തെ പത്ത് രചനകളുമായി ശ്രദ്ധേയനാവുകയാണ് കെ.വി ജോർജ് എന്ന റിട്ട. അദ്ധ്യാപകൻ. കൊവിഡ് ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഇനിയുള്ള നാളുകൾ എന്താകുമെന്നുമുള്ള ആശയം നർമ്മത്തിൽ പൊതിഞ്ഞാണ് ജോർജ് തന്റെ രചനയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഇവയെല്ലാം ചേർത്ത് പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ.

ഡയറിയിൽ കുറിച്ചിട്ട പത്ത് പ്രതിജ്ഞകളാണ് രചനയുടെ തുടക്കം. എന്നാൽ 2018 പ്രളയ സമയത്തെടുത്ത പ്രതിജ്ഞയുമായുള്ള സാദൃശ്യവും അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ അവസരങ്ങളിലെ മനുഷ്യന്റെ ചിന്തകളും മാറിവരുന്ന കാഴ്ചപ്പാടുകളും ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് കെ.വി ജോർജ്. പരീക്ഷാ കാലവും മാസ്കും സാനിറ്റൈസറും ലോക്ക് ഡൗണും എല്ലാം രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബൈബിളിലെ 23 -ാം സങ്കീർത്തനത്തിന്റെ മാതൃകയിൽ കൊവിഡ് സങ്കീർത്തനവും പ്രാർത്ഥനയും കൊവിഡ് കാലത്തെ പത്ത് കല്പനകളും ഇതോടൊപ്പം ഉണ്ട്. കൊവിഡ് സമയത്തും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോടും പൊലീസുകാരോടുമുള്ള ആദരവും അർപ്പിച്ചിട്ടുണ്ട് തിരുവല്ല എസ്.സി.എസ് ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എം ആയാണ് കെ.വി ജോർജ് റിട്ടയർ ആയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കൈയ്യെഴുത്തു മാസികയിൽ എഴുതാൻ തുടങ്ങിയത്. അങ്ങനെയാണ് എഴുത്ത് ലഹരിയായി മാറുന്നതും. കൗമുദി , വായനക്കാരെ വായിപ്പിക്കുക മാത്രമല്ല എഴുതിപ്പിക്കുകയും ചെയ്യുമെന്ന കെ.വി ജോർജിന്റെ കത്ത് അതേ രീതിയിൽ കേരള കൗമുദി വായനക്കാരുടെ കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവല്ല കുറ്റപ്പുഴയിൽ കീർത്തി നഗർ എഴിക്കാത്ത് വീട്ടിലാണ് താമസം. മക്കൾ റീന, റീബ, ഭാര്യ : റിട്ട. അദ്ധ്യാപിക ആനി ജോർജ്.