binu

പത്തനംതിട്ട : നാടൻ പച്ചക്കറികളും വിളകളും മാത്രമല്ല ചോളവും ബ്രോക്കോളിയും വരെ ബിനുവിന്റെ കൃഷിയിടത്തിലുണ്ട്.

രണ്ട് എക്കറിൽ മുഴുവൻ ജൈവകൃഷി നടത്തുകയാണ് നാൽപത്തിമൂന്ന് കാരനായ എം.വി. ബിനു. ചോളം നട്ടാൽ കൃഷിയിൽ കീടങ്ങളുടെ ആക്രമണം കുറവായിരിക്കുമെന്നും ബിനു പറയുന്നു. ബ്രോക്കോളിയ്ക്ക് ഒരുപാട് ആവശ്യക്കാരുണ്ട്. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിൽ നിന്നാണ് വിത്തിനങ്ങൾ ശേഖരിച്ചത്.

അഞ്ച് വർഷമേ ആയുള്ളു കൃഷി ആരംഭിച്ചിട്ട്. ആദ്യം വീട്ടിലെ ആവശ്യങ്ങൾക്കായാണ് തുടങ്ങിയത്. ഇപ്പോൾ വിപണിയിലും എത്തിയ്ക്കാൻ തുടങ്ങി. പയർ, പാവൽ, പടവലം, വെണ്ടയ്ക്ക, കത്രിക്ക, ചീര, കാന്താരി തുടങ്ങിയ എല്ലാത്തരം പച്ചക്കറികളും വാഴ, കാച്ചിൽ, കപ്പ, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയ കാർഷിക വിളകളും ബിനുവിന്റെ കൃഷിയിടത്തിലുണ്ട്. ജൈവ വളമാണ് ഉപയോഗിക്കുക. കംമ്പോസ്റ്റും ചാണകപ്പൊടിയും ആണ് പ്രധാനമായും എടുക്കുന്നത്. ഇടയ്ക്ക് എല്ലുപൊടിയും ഇടും. രാവിലെ കൃഷിയിടത്തിലെ വിളകൾ എടുത്ത് സോഷ്യൽമീഡിയയിൽ സ്റ്റാറ്റസ് ആക്കും. ഇത് കണ്ടിട്ട് ഒരു പാട് പേർ വേണമെന്നാവശ്യപ്പെടാറുണ്ട്. വിവിധ തരത്തിലുള്ള പച്ച മുളകും കാന്താരിയുമാണ് ബിനുവിന്റെ കൃഷിയിടത്തിലെ മറ്റൊരു ആകർഷണം. ഓമല്ലൂർ വയൽ വാണിഭത്തിൽ കൃഷിഭവന്റെ സ്റ്റാളിൽ ബിനുവും പച്ചക്കറി വിൽക്കാറുണ്ട്. ഇതോടൊപ്പം മത്സ്യകൃഷിയുമുണ്ട് . സിലോപ്പിയ, റെഡ് ബെല്ലി, രോഹു, കട്ല തുടങ്ങിയ മത്സ്യങ്ങളാണ് വളർത്തുന്നത്.

ഓമല്ലൂർ തുഷാരം വീട്ടിൽ ഭാര്യ അനീഷയും മക്കൾ അതുലും ബിതുലും കൃഷിയിൽ സജീവമാണ്. വീടിന് മുമ്പിലായി ഒരു ആമ്പൽക്കുളവും ക്രമീകരിച്ചിട്ടുണ്ട് . പത്തനംതിട്ടയിൽ സ്പെയർ പാർട്സ് കട നടത്തുകയാണ് ബിനു.