കോന്നി: കൊവിഡ് ക്വാറെന്റയിൻ പ്രവർത്തനങ്ങൾക്കായുള്ള അംബുലൻസ്കോന്നിയിൽ തുടർച്ചയായി പണിമുടക്കുന്നു.താലൂക്കിൽ സൗജന്യ,പെയ്ഡ് ക്വാറന്റയിൻ സംവിധാനങ്ങൾക്ക് സഹായകരമായി രണ്ട് ആംബുലൻസുകളാണ് ഉണ്ടായിരുന്നത്.ഇവയുടെ സേവനമാണ് ആവശ്യാനുസരണം ലഭ്യമാകാത്തത്.ഡ്രൈവർമാർ തമ്മിലുള്ള കശപിശയും, ഉടമസ്ഥരുടെ താല്പര്യക്കുറവും മൂലം കഴിഞ്ഞ നാല് ദിവസമായി ഈ ആംബുലൻസുളുടെ സേവനം ലഭ്യമല്ല.ഇത് ഉദ്യോഗസ്ഥരെയും, ക്വാറന്റീനിൽ കഴിയേണ്ടിയവരെയും ബുദ്ധിമുട്ടിക്കുന്നു.

ഏക ആശ്രയം മിനി ബസ്


എലിയറയ്ക്കൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഒരു മിനി ബസ് മാത്രമാണ് ഇപ്പോൾ ഏക ആശ്രയം.
ഇതോടെ ക്വാറന്റീൻ പ്രവർത്തനങ്ങളുടെ ഏകീകരണവും,വിവിധ കൊവിഡ് സെന്ററുകളുടെ പരസ്പര ബന്ധപ്പെടലുകളും തടസമായി വരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ കുവൈ​റ്റിൽ നിന്നും എത്തിയവരെ അടൂരിലെ എസ്.എൻ.ഐ.ടി യുടെ സൗജന്യ കൊവിഡ് സെന്ററിലേക്കാണ് കൊണ്ടുപോയത്.ഇതിൽ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസികളുമുണ്ട്.ഇവരിൽ പലർക്കും പ്രാദേശികമായി പെയിഡ് ക്വാറന്റീൻ സെന്ററുകളിലെത്താൻ ആഗ്രഹമുണ്ടെങ്കിലും ഏകോപനമില്ലായ്മ തടസമാകുകയാണ്.

ക്വാറന്റീൻ കേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ല

കഴിഞ്ഞ ദിവസം കോന്നി താലൂക്കിൽ നിന്നും കൊവിഡ് സെന്ററിൽ കഴിഞ്ഞിരുന്ന രണ്ട് കോന്നി സ്വദേശികളായ ആളുകളെ കോന്നിയിലെ പെയിഡ്‌സെന്ററിൽ എത്തിക്കാൻ ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി.മിനി ബസിലാണ് ഇവരെ കോന്നിയിലേക്ക് കൊണ്ടുവന്നത്.പെയ്ഡ് സെന്റെറിൽ കഴിയാൻ താൽപര്യമുള്ളവരെ അതിന് അനുവദിച്ചാൽ സൗജന്യ ക്വാറന്റീന് അർഹതയുള്ളവർക്ക് ഇവിടെ കഴിയാനാകും.

അനുനശീകരണവും ശുചീകരണവും പ്രതിസന്ധിയിൽ


ആനക്കൂട് റോഡിലെസ്വകാര്യ റസിഡൻസിയാണ് ഒരു പെയ്ഡ് സെന്റർ. ഇവിടെ 30മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്.ഇതിൽ 19 എണ്ണത്തിൽ 22 പേർ കഴിയുന്നു.ബാക്കി 11 മുറികളിൽ അഞ്ചെണ്ണം മാത്രമാണ് ക്ലീൻ ചെയ്തത്.ആറെണ്ണം ക്ലീൻ ചെയ്തിട്ടില്ല.ഇതിൽ നിരീക്ഷണ കാലാവധി കഴിഞ്ഞു പോയവർ താമസിച്ചിരുന്ന മുറികളുമുണ്ട്.പഞ്ചായത്തിൻ നിന്നുള്ള ഹരിത കർമ്മ സേനയാണ് അഞ്ച് മുറികൾ ക്ലീൻ ചെയ്തത്.ഈ 11 മുറികളും ക്ലീൻ ചെയ്ത് അണുവിമുക്തമാക്കണം.ഒരാഴ്ചയായി ഫയർഫോഴ്സിന്റെ വാഹനം ബ്രേക്ക് ഡൗൺ ആയതുകാരണം ഈ പ്രവർത്തിയും നടക്കുന്നില്ല.

ക്വാറന്റീൻ പ്രവർത്തനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശ നടപടി സ്വീകരിക്കും.ഇക്കാര്യം എം.എൽ.എയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടും.

(ആരോഗ്യ വകുപ്പ്)

4 ദിവസമായി ആംബുലൻസ് ലഭ്യമല്ല

ഡ്രൈവർമാർ തമ്മിലുള്ള കശപിശയും,ഉടമസ്ഥരുടെ താല്പര്യക്കുറവും