അടൂർ : സാഹിത്യ - സാംസ്കാരിക - സിനിമാ - രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ അന്ത്യവിശ്രമ സ്ഥലങ്ങളിൽ ഇനിമുതൽ ഒരു ഫലവൃക്ഷതൈ ഒാർമ്മമരമായി വളർന്ന് പന്തലിക്കും. ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി സി. പി. ഐ അടൂർ മണ്ഡലം കമ്മിറ്റിയാണ് വേറിട്ട പദ്ധതിക്ക് രൂപം നൽകിയത്. പലപ്പോഴും ഒാർമ്മ മരങ്ങൾ എന്ന പേരിൽ തെരുവോരങ്ങളിൽ നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകൾ തുടർ സംരക്ഷണം ഇല്ലാതെ കരിഞ്ഞുണങ്ങുകയും റോഡ് വികസനത്തിന്റെ പേരിൽ നശിപ്പിക്കപ്പെടുകയുമാണ് പതിവ്. അതിൽ നിന്നുമൊരു മാറ്റമുൾക്കൊണ്ടാണ് വീട്ടുകാർ സംരക്ഷിച്ച് പരിപാലിക്കും വിധം ഒാർമ്മമരങ്ങൾ നട്ട് വേറിട്ട മരസംരക്ഷണത്തിന് തുടക്കമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മലയാള സാഹിത്യത്തിലെ ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെ ഒാർമ്മകൾ പേറുന്ന കൊട്ടയ്ക്കാട്ടെ വീട്ടുവളപ്പിൽ സി. പി. ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പിയും ജില്ലാതല ഉദ്ഘാടനം മലയാള സിനിമയിലെ ഹാസ്യചക്രവർത്തിയായിരുന്ന അടൂർ ഭാസിയുടെ അന്ത്യവിശ്രമ സ്ഥലത്ത് സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയനും നിർവ്വഹിച്ചു. നടി അടൂർ പങ്കജത്തിന്റെ അന്ത്യ വിശ്രമസ്ഥലത്ത് ചിറ്റയം ഗോപകുമാർ എം. എൽ. എയും ഗായകൻ അയിരൂർ സദാശിവന്റെ അന്ത്യവിശ്രമ സ്ഥലത്ത് പന്നിവിഴ സഹകരണ ബാങ്ക് പ്രസിഡന്റ് സി. സുരേഷ് ബാബുവും ഒാർമ്മ മരങ്ങൾ നട്ടു.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ പന്തളം പി. ആറിന്റെ സ്മൃതി മണ്ഡപത്തിൽ സി. പി. ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദും, എസ്. കെ.ജി ധരന്റെ കരുവാറ്റയിലുള്ള സ്മൃതി മണ്ഡപത്തിൽ ഡി. സജിയും കിസാൻ സഭ സംസ്ഥന കമ്മിറ്റിയംഗവുമായിരുന്ന ജി. ശ്രീധരൻപിള്ളയുടെ മണ്ണടിയിലെ അന്ത്യവിശ്രമസ്ഥലത്ത് മുൻ എം. പി ചെങ്ങറ സുരേന്ദ്രനും തൈനട്ടു. ഒറ്റദിവസം കൊണ്ട് 165 ഒാർമ്മ മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.