കോന്നി: ജില്ലയുടെ പ്രധാന നദികളായ അച്ചൻകോവിൽ, പമ്പ, മണിമല, കല്ലാർ,കക്കാട്ടാർ എന്നിവ സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലാണ്. കോടിക്കണക്കിന് രൂപയാണ് നദീ സംരക്ഷണ ഫണ്ടിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് . പ്രളയാനന്തരം നദികൾ നാശത്തിലേക്ക് പോയതോടെ ജില്ലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി. പലയിടങ്ങളിലും നദികളുടെ ഗതിതന്നെ മാറി. തീരങ്ങളും വ്യാപകമായി നശിക്കുന്നു. നദീസംരക്ഷണത്തിന്റെ ഭാഗമായി കുളിക്കടവ് കെട്ടുക, സംരക്ഷണ ഭിത്തി കെട്ടുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് റിവർമാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നത്. 12കോടിയോളം രൂപ ഇത്തരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ കൈവശമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
റിവർ മാനേജ്‌മെന്റ് കമ്മിറ്റിനോക്കുകുത്തി
ജില്ലാ കളക്ടർ രക്ഷാധികാരിയായ കമ്മിറ്റി റിവർ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നതിനായി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ഈ കമ്മിറ്റിയിൽ പരിസ്ഥിതി പ്രവർത്തകരെയും നദീസംരക്ഷണ സമിതി പ്രവർത്തകരെയും ഉൾപെടുത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഇവരെ ഒഴിവാക്കിയശേഷം രാഷ്ട്രീയ പ്രവർത്തകരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി കമ്മിറ്റി കൂടുന്നില്ല.
തുകയും വിനിയോഗവും
മണൽ ഖനന സമയത്ത് റോയലിറ്റി ഇനത്തിൽ കിട്ടുന്ന തുകയാണ് റിവർ മാനേജ്‌മെന്റ് ഫണ്ടായി സൂക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കമ്മിറ്റി തുക അനുവദിക്കുക.റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് പമ്പാ നദിയിൽ മാത്രമാണ് നാമമാത്രമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.പ്രളയാന്തരം ജില്ലയിലെ നദികളുടെ തീരങ്ങൾ ഇടിയുന്നത് വ്യാപകമായിട്ടുണ്ട്. കാലവർഷമെത്തുന്നതോടെ ഇതിന്റെ വ്യാപ്തി വലുതാവും. നദീസംരക്ഷണ നിയമമനുസരിച്ചാണ് റിവർ മാനേജ്‌മെന്റ് ഫണ്ട് സ്വരൂപിക്കുന്നത്. ഈ നിയമമനുസരിച്ച് നിശ്ചിത അളവിൽ മാത്രമേ മണൽ ഖനനം പാടുള്ളു. മണൽ ഖനനത്തിന് ഇപ്പോൾ നിരോധനമാണ്. അനധികൃത മണൽ ഖനനത്തിനെതിരെ ഈടാക്കുന്ന പിഴയും റിവർ മാനേജ്‌മെന്റ് ഫണ്ടിലേക്കാണ് പോകുന്നത്.
ഫണ്ട് വിനിയോഗിക്കാൻ സർവേ നടക്കണം
ജില്ലയിലുള്ള നദികളുടെ തീര സർവേ നടത്തിയാൽ മാത്രമേ ഈ ഫണ്ട് വിനിയോഗിക്കാൻ കഴിയുകയുള്ളവെന്നെണ് അധികൃതർ പറയുന്നത്. ജില്ലയിലെ നദികളുടെ തീരത്തിന്റെ സർവേയുമായി ബന്ധപ്പെട്ടരേഖകളോ, നദീതീര കൈയേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോ ജില്ലാ ഭരണകൂടത്തിന്റെ പക്കലില്ല.