പന്തളം: പന്തളത്തുനിന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം നാട്ടിലേക്കു മടങ്ങി.പശ്ചിമ ബംഗാൾ മാൾഡ സ്വദേശികളാണ് എല്ലാവരും. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് മൂന്നു കുടുംബം ഉൾപ്പെടെ 278 പേർ തിരുവല്ല റയിൽവേ സ്റ്റേഷനിലേക്കു പോയത്.
അവിടെ ഇവർക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ പരിശോധന നടത്തി രോഗലക്ഷണം ഇല്ലെന്നുറപ്പാക്കിയതിനു ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്. ഹോമിയോ വകുപ്പ് എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകി.
നോഡൽ ഓഫീസറും ഹോമിയോ മെഡിക്കൽ ഒാഫീസറുമായ ഡോ. ബിജി ഡാനിയേലിന്റെ നേതൃത്വത്തിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. വില്ലേജ് ഓഫീസർമാരായ മനോജ്, ജെ. സിജു, സ്‌പെഷ്യൽ വില്ലേജ് ഓഫീസർമാരായ അൻവർഷാ, രേണു രാമൻ, ഡോ. അരുൺചന്ദ്, ഡോ. ഷീജാ ബീഗം, ഫാർമസിസ്റ്റ് എ. ലുബിന എന്നിവരും പൊലീസും ഇവരെ യാത്ര അയയ്ക്കാനെത്തിയിരുന്നു. വരും ദിവസങ്ങളിൽ മറ്റുള്ളവരേയും നാട്ടിലേക്കയയ്ക്കും