പത്തനംതിട്ട: എ.ആർ ക്യാമ്പിൽ പൊലീസുകൾ മദ്യപിച്ചു തമ്മിൽ തല്ലിയ സംഭവത്തിൽ 2 പേർക്ക് സസ്‌പെൻഷൻ. എ.എസ്.ഐ ജയകുമാർ, ക്യാമ്പ് ഫോളോവർ മധുസൂദനൻ എന്നിവർക്കെതിരെയാണ് നടപടി. സേനയുടെ സൽപ്പേരിനു കളങ്കം വരുത്തിയ സംഭവത്തിൽ ഇരുവർക്കും എതിരെ വകുപ്പ്തല അന്വേഷണത്തിനും ഡി.എെ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഉത്തരവിട്ടിരുന്നു. ക്യാമ്പ് അസി.കമൻഡാന്റ് സുരേഷിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അച്ചടമുളള സേനാവിഭാഗത്തിന് അപമാനകരമായ സംഭവമാണ് എ.ആർ ക്യാമ്പിൽ ഉണ്ടായതെന്നാണ് കണ്ടെത്തൽ. ജോലി സമയത്ത് മദ്യപിച്ചെത്തിയ ഇരുവരും തമ്മിലടിച്ചു. മദ്യപിച്ച് ജോലിക്കെത്തി എന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്നുകൂടി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എ.ആർ ക്യാമ്പിലെ ക്യാൻീനിൽ പാചകക്കാരനായ മധുസുദനനോട് എസ്.പിയുടെ ക്യാമ്പ് ഓഫിസിൽ ജോലിക്ക് പോകണമെന്ന് ജയകുമാർ ആവശ്യപ്പെട്ടതാണ് തർക്കത്തിനും കയ്യാങ്കളിക്കും ഇടവരുത്തിയത്. പരിക്കേറ്റ മധുസൂദനൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.