പത്തനംതിട്ട: കാർഷിക മേഖല നേരിടുന്ന ദുരിതങ്ങൾക്കുമേൽ സർക്കാർ കണ്ണടയ്ക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം പ്രൊഫ.ഡി.കെ. ജോൺ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ പ്രായോഗികമല്ല. മഴക്കാലത്ത് വിത്തുകൾ വിതരണം ചെയ്യുകയും ഓണത്തിന് പച്ചക്കറി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പദ്ധതി രണ്ട് വർഷങ്ങളിലും പരാജയമായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. ഹോർട്ടികോർപിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല.
റബർ മേഖലയെ തകർത്തതിനു പിന്നിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പങ്കുണ്ട്. ലാറ്റെക്‌സ് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ പ്ലാന്റേഷൻ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നു. കിലോഗ്രാമിന് 72 രൂപയ്ക്ക് വിൽപന നടത്താനുള്ള തീരുമാനത്തിലൂടെ വിപണി വില ഇടിയും. റബർ ഇറക്കുമതി നിറുത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഡി.കെ.ജോൺ ആവശ്യപ്പെട്ടു.