തിരുവല്ല : ലൈംഗികാരാേപണം നേരിടുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത ശേഷം ഏരിയാ കമ്മറ്റി അംഗമായി നിലനിറുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം ഇരവിപേരൂർ ഏരിയാ കമ്മറ്റിയിൽ കൂട്ടരാജി. നാല് ലോക്കൽ സെക്രട്ടറിമാരടക്കം പത്തുപേരാണ് രാജിവച്ചത്. പുറമറ്റം ലോക്കൽ സെക്രട്ടറിയായിരുന്ന ഷിജു പി. കുരുവിളയെയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തത്. ഷിജുവിതിരെ ബിരുദ വിദ്യാർത്ഥിനി നൽകിയ പരാതി പൊലീസ് ഒതുക്കിയതായി ആരോപണമുണ്ട്. മേയ് ഏഴിന് വിദ്യാർത്ഥിനി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും സ്‌കൂൾ സർട്ടിഫിക്കറ്റുകളും ലോക്കൽ സെക്രട്ടറി കവർന്നതായും പരാതിയിലുണ്ട്.
ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിജുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഷിജുവിനെ പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. സെക്രട്ടറി ഇത് തള്ളിയതിനെ തുടർന്നാണ് രാജി.
@ നിഷേധിച്ച് നേതൃത്വം
ഇരവിപേരൂർ ഏരിയ കമ്മറ്റിയിൽ നിന്ന് ആരെങ്കിലും രാജിവച്ചതായി അറിയില്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. പാർട്ടിയിലെ ചെറിയ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. മറ്റ് വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.