ചെങ്ങന്നൂർ: കേരളത്തിന്റെ സ്നേഹത്തിന് നന്ദിപറഞ്ഞ് സൂര്യ നാരായണയും ഭാര്യയും ജൻമനാട്ടിലേക്ക് മടങ്ങി. ചെങ്ങന്നൂരിൽ കൂലിപ്പണിചെയ്തു കഴിഞ്ഞിരുന്ന ഇവർ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായിരുന്നു. തെരുവോരത്ത് അന്തിയുറങ്ങിയ ഇവരെ ചെങ്ങന്നൂരിലെ സ്നേഹ കൂട്ടായ്മ കണ്ടെത്തി നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുകയായിരുന്നു
ബംഗ്ളുരു ചിക്കബലാപുര സ്വദേശികളാണ് സൂര്യ നാരായണ (48)യും രമണമ്മ (38)യും. ബംഗ്ളുരുവിൽ വച്ചുണ്ടായ അപകടത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ സൂര്യനാരായണയ്ക്ക് ശാരീരിക അവശതകളുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കേരളത്തിലെത്തിയത്. ലോക്ക് ഡൗണായതോടെ സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷണം കഴിച്ചും ഭിക്ഷ യാചിച്ചുമാണ് കഴിഞ്ഞത്. ഓപ്പറേഷൻ ലൗവ് പദ്ധതിയിലൂടെ ഇവരെ കണ്ടെത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പുലിയൂർ പ്രീമെട്രിക്ക് ഹോസ്റ്റലിലാക്കുകയായിരുന്നു.
ഇന്നലെ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഇരുവർക്കും സജി ചെറിയാൻ എം എൽഎ യുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.അജിത, വൈസ് പ്രസിഡന്റ് ജി.വിവേക്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.വേണു, എം.കെ മനോജ്, ഡോ.ചിത്രാ സാബു, കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, എ ജി ഷാനവാസ് എന്നിവർ പങ്കെടുത്തു.