ചെങ്ങന്നൂർ: പെരുങ്കുളം പാടത്തിന്റെ പരിസരവാസികൾക്ക് ദുരിതം വിതച്ച വെള്ളക്കെട്ടിന് പരിഹാരമാകുന്നു. പെരുംകുളം പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ മാലിന്യം നിറഞ്ഞു കിടക്കുന്നത് സമീപവാസികൾക്ക് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു നിരന്തരമായുള്ള നാട്ടുകാരുടെ പരാതിക്ക് ശാശ്വത പരിഹാരമാകുന്നത് എംഎൽഎ സജി ചെറിയാന്റ ഇടപെടൽ മൂലമാണ്.
എംഎൽഎയുടെ സ്വപ്നപദ്ധതിയായ സുരക്ഷാ കോറിഡോർ പദ്ധതിയിൽ പെരുംകുളം പാടത്തുനിന്നും ആരംഭിക്കുന്ന വെട്ടുതോട് പുതിയത് ഉൾപ്പെടുത്തിയതായി സജി ചെറിയാൻ അറിയിച്ചു. 96 കോടി രൂപ ചെലവഴിച്ച് ആരംഭിച്ചിരിക്കുന്ന നഗര സൗന്ദര്യ വൽക്കരണം, ഓട നിർമാണം, കലുങ്ക് നിർമാണം, ടൈൽസ് വിരിക്കൽ, ആഞ്ഞിലിമൂട് റൗണ്ട് എബോട്ട് നിർമ്മാണം അടക്കമുള്ള പദ്ധതിയണ് ഇത്. നഗരത്തിലെ മൂന്ന് ഓടകൾ ആയിരുന്നു ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എംഎൽഎയുടെ നിർദേശത്തെതുടർന്ന കെ എസ് ടി പി വെട്ടുതോട് കൂടി ഉൾപ്പെടുത്തി. കെ എസ് ടി പി ചെയർമാനും എംഎൽഎയും ഇന്നലെ സ്ഥലം സന്ദർശിച്ചു. വീതി കുറഞ്ഞ ഭാഗങ്ങൾ വീതികൂട്ടിയും, വശങ്ങൾ ബലപ്പെടുത്തിയും പാടത്ത് കെട്ടിക്കിടക്കുന്ന മുഴുവൻ ജലവും ഒഴുകിപ്പോകതക്ക രീതിയിൽ ആയിരിക്കും വെട്ടുതോട് നിർമ്മാണം എന്ന് എംഎൽഎ സജി ചെറിയാൻ പറഞ്ഞു.