അടൂർ: പണം മടക്കി നൽകാത്തതിന് യുവാവിനെ ക്വട്ടേഷൻ സംഘത്തെക്കൊണ്ട് തല്ലിച്ചതച്ച് വഴിയിൽതള്ളിയ കേസിൽ രണ്ടുപേർ പിടിയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം നെടുമ്പന സ്വദേശിയുമായ ഫൈസിൽ കുളപ്പാടം (33), പന്തളം മങ്ങാരം ശാന്തിനി വീട്ടിൽ വാടയ്ക്ക് താമസിക്കുന്ന രഞ്ജിത്ത് (32) എന്നിവരെയാണ് അടൂർ സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഏനാദിമംഗലം മാരൂർ അനന്തു ഭവനിൽ അനന്തുവിനെ (26)യാണ് മർദ്ദിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ- 5 മാസം മുമ്പ് അനന്തു തന്റെ കാർ പണയംവച്ച് ഫൈസിലിനോട് 60,000 രൂപ കടം വാങ്ങിയിരുന്നു. കാർ മടക്കിനൽകിയെങ്കിലും പണം തിരികെ നൽകിയില്ല. ജൂൺ ഒന്നിന് വൈകിട്ട് ഏഴുമണിയോടെ കൊട്ടിയം സ്വദേശിയായ നിഷാദ് (പൊട്ടസ്) അനന്തുവിനെ വീട്ടിൽ നിന്ന് വാഹനത്തിൽ കയറ്റി കൊട്ടിയത്തേക്ക് കൊണ്ടുപോയി. നിഷാദിന്റെ വീടിനോട് ചേർന്ന വിറകുപുരയിലെത്തിച്ച് സുഹൃത്തുക്കൾക്കൊപ്പം മർദ്ദിച്ച് പണം നൽകണമെന്ന് ആവശ്യപ്പെട്ടു. പിറ്റേദിവസം അനന്തുവിന്റെ ഫോണിൽ നിന്ന് സഹോദരൻ അഖിലിന് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് സന്ദേശം നൽകി. അഖിൽ 75000 രൂപ അക്കൗണ്ടിലേക്ക് നൽകിയെങ്കിലും അനന്തുവിനെ വിട്ടയച്ചില്ല. പന്തളത്ത് കൊണ്ടുവന്ന് രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ ചേർന്ന് വീണ്ടും മർദ്ദിച്ച ശേഷം കാറിൽ കയറ്റി ഇടുക്കി കുട്ടിക്കാനത്തു കൊണ്ടുപോയും മർദ്ദിച്ചു. മൂന്നിന് രാവിലെ പന്തളത്ത് റോഡിൽ ഇറക്കിവിടുകയായിരുന്നു. അവശനായ അനന്തു ഫോണിൽ വിളിച്ചതനുസരിച്ച് അഖിലും മാതാവും എത്തി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം തുടങ്ങി.
2010 ൽ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫൈസിൽ പ്രതിയായിരുന്നു. അന്ന് എട്ടുമാസം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. റന്റ് എ കാർ ബിസിനസുള്ള ഫൈസിൽ അമിത പലിശയ്ക്ക് പണം നൽകുകയും ക്വട്ടേഷൻ സംഘവുമായി ബന്ധം പുലർത്തുകയും ചെയ്യുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.