തിരുവല്ല: ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്ന തിരുവല്ല എം.ജി.എം സ്‌കൂളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തുന്നതിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകർ. താലൂക്കിലെ 600 അന്യസംസ്ഥാന തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്കുള്ള ട്രയിനിൽ അയയ്ക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യ പരിശോധനയ്‌ക്ക് ഇവിടെ എത്തിച്ചത്. മൂല്യനിർണയം സുഗമമായി നടത്താനാകില്ലെന്ന് ആരോപിച്ച് അദ്ധ്യാപകർ പ്രതിഷേധിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥർ അദ്ധ്യാപകരുമായി ചർച്ച നടത്തി. ഉടൻ മടക്കിയയ്ക്കുമെന്ന് പറഞ്ഞതോടെ അദ്ധ്യാപകർ പിന്തിരിയുകയായിരുന്നു. നൂറോളം അദ്ധ്യാപകർ മൂല്യനിർണയത്തിനുണ്ട്. ജില്ലയിലെമ്പാടുമുള്ള 1464 അന്യ സംസ്ഥാന തൊഴിലാളികളാണ് മാൾട്ടയിലേക്കുള്ള പ്രത്യേക ട്രയിനിൽ യാത്രതിരിച്ചത്.