പത്തനംതിട്ട : ജില്ല ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നേതൃത്വം വഹിക്കേണ്ട ഉദ്യോഗസ്ഥർ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. മേയ് 31ന് വിരമിച്ചവർക്ക് പകരം ജോലിയിൽ പ്രവേശിക്കേണ്ടവരും അവധി എടുത്ത് പോയവരും ഇക്കൂട്ടത്തിലുണ്ട്. ഡി.എം.ഒ, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്, ഡി.ഡി.ഇ, ജില്ലാ ലേബർ ഓഫീസ് തുടങ്ങിയ പ്രധാന തസ്തികകളിൽ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ
ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കുമ്പോൾ ജില്ലാ മെഡിക്കൽ ഓഫീസർ അവധിയിലാണ്. പകരം ഡെപ്യൂട്ടി ഡി.എം.ഒ ആണ് ആരോഗ്യ വകുപ്പിന് നേതൃത്വം നൽകുന്നത്. സ്വകാര്യ ആവശ്യത്തിനായി അവധി പറഞ്ഞിരുന്നതിനാലും അത്യാവശ്യമായതിനാലുമാണ് ഡി.എം.ഒ അവധിയിൽ പ്രവേശിച്ചത്. കൊവിഡ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ മുഴുവൻ സമയവും കർമനിരതയായിരുന്നയാളാണ് ഡി.എം.ഒ. തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം.
പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്
കൊവിഡ് ആശുപത്രി കൂടിയാക്കിമാറ്റിയ ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സൂപ്രണ്ട് ഇല്ലാതായിട്ട് ഒന്നരവർഷത്തിലേറെയായി. ഇപ്പോൾ ഡെപ്യൂട്ടി സൂപ്രണ്ടും ആർ.എം.ഒയുമാണ് പകരം ജോലി ചെയ്യുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അതേ റാങ്കിലുള്ള പദവിയാണ് ജനറൽ ആശുപത്രി സൂപ്രണ്ടിനും . അക്കാരണത്താലാണ് സൂപ്രണ്ടിനെ നിയമിക്കാൻ സാധിക്കാത്തത്. കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മറ്റുസ്ഥലങ്ങളിൽ നിന്നുള്ളവരെയെത്തിച്ചാണ് ഡോക്ടർമാരുടേയും സ്റ്റാഫ് നഴ്സുമാരുടേയും കുറവ് പരിഹരിച്ചത് .
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ)
ഒന്നാം തീയതി അദ്ധ്യയന വർഷം ആരംഭിച്ചെങ്കിലും ഡി.ഡി.ഇ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരാണ് ഡി.ഡി.യുടെ ചുമതലകൾ വഹിക്കുന്നത്. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് തിരക്കേറുമ്പോളാണ് ഡി.ഡി.ഇ ചാർജെടുക്കാത്തത്. ഓൺലൈൻ സൗകര്യങ്ങളില്ലാത്ത നിരവധി കുട്ടികൾ ജില്ലയിലുണ്ട്. ഇവരുടെ കണക്കെടുപ്പും ഇവർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നേതൃത്വം നൽകുന്നത് എസ്.എസ്.കെയും മറ്റ് ഉദ്യോഗസ്ഥരുമാണ്.
ലേബർ ഓഫീസസർ
കൊവിഡും ലോക്ക് ഡൗണും കാരണം നിരവധി തൊഴിലാളികളാണ് ജില്ലയിൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ലേബർ ഓഫീസർ മേയ് 31ന് വിരമിച്ചെങ്കിലും പകരം നിയമനം നടത്തിയിട്ടില്ല. കൊവിഡ് ബാധിത ജില്ലയായതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻപരിചയമുള്ള ആൾക്ക് കാലാവധി നീട്ടി നൽകാൻ സാധിക്കുമായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ ജില്ലയിൽ രൂക്ഷമാണ്.