കടമ്പനാട് : പാലം അപകടാവസ്ഥയിൽ. ബോർഡ് വെച്ച് അധികൃതർ മടങ്ങി.ഭീതിയൊഴിയാതെ യാത്രക്കാരും നാട്ടുകാരും.നെല്ലിമുകൾ-തെങ്ങമം മെയിൻറോഡിൽ മുണ്ടപള്ളിജംഗ്ഷന് കിഴക്ക് ചക്കൂർചിറപാലമാണ് അപകടാവസ്ഥയിലായത്.പള്ളിക്കലാറ്റിലേക്ക് വെള്ളമൊഴുകിയെത്തുന്ന കൈതോടിന് കുറുകെ 75വർഷം മുൻപ് നിർമ്മിച്ച ചെറിയപാലമാണിത്.കലുങ്കിന്റെ വീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പാലത്തിന്റെ അടിവശത്തെ കമ്പിദ്രവിച്ച് പാളികൾ അടർന്നുവീഴുന്നുണ്ട്. പാറഅടുക്കികെട്ടിയ തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയാണ്.കാട് കയറികിടന്നതിനാൽഅധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കിയപ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടത്. പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരമറിയിച്ചപ്പോൾ ഭാരവാഹനങ്ങൾ നിരോധിച്ച ബോർഡ് വെച്ചു.
ഏതു നിമിഷോം അപകടം സംഭവിക്കാം
പക്ഷെ ഭാരവാഹനങ്ങളും കെ.എസ്.ആർ.ടി.സി അടക്കമുള്ളബസും ഇതുവഴിതന്നെയാണ് പോകുന്നത്.കൂടാതെ നൂറ് കണക്കിന് മറ്റ് വാഹനങ്ങളും ഇതുവഴിപോകുന്നുണ്ട്. ഏതുനിമിഷവും അപകടം സംഭവിക്കാമെന്നിരിക്കെ മുന്നറിയിപ്പ് ബോർഡ് വെച്ച് ഉത്തരവാദിത്വം നിറവേറ്റി മടങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.ജനപ്രതിനിധികളാരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പാലത്തിൽ കൂടിയുള്ള ഗതാഗതം നിരോധിച്ച് പാലം പുതുക്കിപണിയാൻ നടപടിസ്വീകരിച്ചില്ലങ്കിൽ അപകടത്തിന് സാദ്ധ്യത ഏറെയാണ്.
-75 വർഷം മുൻപ് നിർമ്മിച്ച പാലം
- കമ്പിദ്രവിച്ച് പാളികൾ അടർന്നുവീഴുന്നു
-ജനപ്രതിനിധികളും തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി
-ഗതാഗതം നിരോധിച്ച് പാലം പുതുക്കിപണിയണമെന്ന ആവശ്യം ശക്തം