retired
പി.എ ശാന്തമ്മ

തിരുവല്ല: പ്രളയത്തെയും കൊവിഡിനേയും സധൈര്യം നേരിട്ട് വിദ്യാഭ്യാസ മേഖലയെ നയിച്ചതിന്റെ അനുഭവപാഠങ്ങളുമായിട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ സർവീസിൽ നിന്ന് വിരമിച്ചു. സാമൂഹ്യശാസ്ത്ര അദ്ധ്യാപികയായി 1988ൽ തേക്കുതോട് ഗവ.സ്‌കൂളിൽ തുടങ്ങിയ സർവീസ് ജീവിതത്തിൽ മൂന്ന് പതിറ്റാണ്ടും വിദ്യാഭ്യാസ മേഖലയിൽ ജില്ലയിൽത്തന്നെയാണ് ശാന്തമ്മ ജോലിചെയ്തത്. പുല്ലാട് എ.ഇ.ഒയായശേഷം കടുത്തുരുത്തി, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡി.ഇ.ഒയായി ഏറെക്കാലം പ്രവർത്തിച്ചു. തുടർന്ന് തിരുവനന്തപുരത്ത് ക്വാളിറ്റി എംപവേഡ് ഡി.ഡിയായി . ഒടുവിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായി. പത്താം ക്ളാസ് പരീക്ഷയിൽ ജില്ലയെ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടം. പ്രളയത്തിൽ നാശവസ്ഥയിലായ സ്‌കൂളുകൾ സഹപ്രവർത്തകരെ ഒപ്പംചേർത്ത് അദ്ധ്യയനത്തിനായി സജ്ജമാക്കി. പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അതെത്തിച്ചു നൽകി.
ഡയറ്റ്, കൈറ്റ്, സമഗ്രശിക്ഷ എന്നിവയുമായി ചേർന്ന നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഡി.പി.ഓയായിരുന്ന ഡോ.വിജയമോഹനുമായി ചേർന്നായിരുന്നു ഇൗ പ്രവർത്തനങ്ങൾ. കൊവിഡ് കാലത്തെ പരീക്ഷയും ജില്ലയിൽ ഭംഗിയായി നടത്താനായതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് ശാന്തമ്മ പടിയിറങ്ങുന്നത്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.രാജുവാണ് ഭർത്താവ്. പി.ആർ. അഞ്ജു, ഡോ. പി.ആർ. അഖില, അഞ്ജിത എന്നിവർ മക്കളാണ്.